പുതുവര്‍ഷം ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി സ്വര്‍ണവില ലക്ഷം കടന്നു. ഡിസംബര്‍ മാസത്തില്‍ ഒരു ലക്ഷം കടന്നിരുന്ന വില മാസം അവസാനമായപ്പോള്‍ കുറയുകയും ജനുവരി ഒന്ന് മുതല്‍ വര്‍ധനവുണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയത് ആശ്വാസമുണ്ടാക്കിയെങ്കിലും ഇന്ന് ഒറ്റയടിക്ക് വില കുത്തനെ കൂടിയിരിക്കുകയാണ്. 1160 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചിരിക്കുന്നത്. യുഎസ് -വെനസ്വേല സംഘര്‍ഷമാണ് വിലക്കയറ്റത്തിന് വഴിതെളിച്ചത്. വെനസ്വേലയിലെ പ്രതിസന്ധിയെത്തുടര്‍ന്ന് ലോകത്തിലെ ജനങ്ങള്‍ സ്വര്‍ണത്തെ വീണ്ടും സുരക്ഷിത നിക്ഷേപമായി കാണുന്നതാണ് വില വീണ്ടും കൂടാന്‍ കാരണം. വെനസ്വേല വിഷയം മാത്രമല്ല ഇന്ത്യയ്‌ക്കെതിരെ വീണ്ടും താരീഫ് ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ഇന്ത്യയ്ക്കുമേല്‍ കൂടുതല്‍ നികുതി ചുമത്തുമെന്നാണ് ഭീഷണി.
ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 100,760 രൂപയാണ് വില.കഴിഞ്ഞ ദിവസം 99,600 രൂപയായിരുന്നു വിപണി വില. 1,160 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് 22 കാരറ്റ് ഗ്രാം വില 12595 രൂപയും ഇന്നലെ 12450 രൂപയുമായിരുന്നു. 115 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് ഗ്രാം വിലയില്‍ ഉണ്ടായിരിക്കുന്നത്. 18 കാരറ്റിന് 1,760 രൂപ വര്‍ധിച്ച് 83,640 രൂപയായിട്ടുണ്ട്. 10455 രൂപയാണ് 18 കാരറ്റ് ഗ്രാം വില. രാജ്യാന്തര വിപണിയില്‍ 4332 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4372 ഡോളറായി വര്‍ധിച്ചിട്ടുണ്ട്. വെളളി വിലയിലും ഇന്ന് വര്‍ധനവാണ് കാണുന്നത്. ഒരു ഗ്രാമിന് 250 രൂപയും 10 ഗ്രാമിന് 2500 രൂപയുമാണ് വെള്ളിയുടെ വില.








