പടിഞ്ഞാറത്തറ: നിയമസഭയിൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ സ്വപ്നമായ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ റോഡിനെ പൂർണ്ണമായും അവഗണിച്ചതിൽ ജനകീയ കർമ്മ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഏറ്റവും എളുപ്പമേറിയതും പരിസ്ഥിതി സൗഹൃദവുമായ ഈ പാതയോട് സർക്കാർ കാണിച്ച വിമുഖത പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സമിതി ആരോപിച്ചു.
ഓരോ ബജറ്റിലും പ്രതീക്ഷകൾ നൽകി ഒടുവിൽ പദ്ധതിയെ പാടെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. പ്രഖ്യാപനങ്ങൾക്കപ്പുറം നിർമ്മാണപ്രവർത്തനങ്ങൾക്കായി തുക വകയിരുത്താത്തത് മലയോര ജനതയോടുള്ള കടുത്ത വഞ്ചനയാണ്.
ഈ പ്രധാനപ്പെട്ട വിഷയം നിയമസഭയിൽ വേണ്ടത്ര ഗൗരവത്തോടെ ഉന്നയിക്കുന്നതിലും സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിലും പ്രതിപക്ഷവും പരാജയപ്പെട്ടിരിക്കുകയാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ വയനാടിന്റെ വികസന സ്വപ്നങ്ങളെ തളച്ചിടാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നത്.
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ഏക ശാശ്വത പരിഹാരമായ ഈ റോഡ് യാഥാർത്ഥ്യമാക്കാതെ വന്യജീവി സങ്കേതങ്ങളുടെയും പരിസ്ഥിതിയുടെയും പേരിൽ തടസ്സവാദങ്ങൾ ഉന്നയിച്ച് പദ്ധതി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല.
അവഗണന തുടർക്കഥയാകുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് കർമ്മ സമിതിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും ജനകീയ കൂട്ടായ്മകളും സംഘടിപ്പിക്കും. രാഷ്ട്രീയ താൽപ്പര്യങ്ങൾ മാറ്റിവെച്ച് ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് വേണ്ടി ഒന്നിച്ചുനിൽക്കാൻ എല്ലാ വിഭാഗം ആളുകളോടും സമിതി ആഹ്വാനം ചെയ്തു.








