യുപി സ്വദേശിയായ വിഷ്ണു തിവാരി വ്യാജ ബലാത്സംഗ കേസിൽ 20 വർഷം ജയിലിൽ കഴിഞ്ഞ ശേഷം നിരപരാധിയെന്ന് കണ്ട് മോചിതനായി. ഈ കാലയളവിൽ കുടുംബം തകരുകയും മാതാപിതാക്കളടക്കം മരണപ്പെടുകയും ചെയ്തു. തനിക്ക് നഷ്ടപ്പെട്ട ജീവിതം ആര് തിരികെ തരുമെന്ന് വിഷ്ണു ചോദിക്കുന്നു.
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ്, ‘ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെ’ന്നത്. തെളിവുകളില്ലാതെ ആരും ശിക്ഷിക്കപ്പെടരുതെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ടെങ്കിലും നിരപരാധികൾ ശിക്ഷിക്കപ്പെടുന്നത് നീതി നിഷേധമാണെന്നും തെളിവുകൾ സംശയാസ്പദമാണെങ്കിൽ അതിന്‍റെ ആനുകൂല്യം പ്രതിക്ക് ലഭിക്കണമെന്നും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്. ഇന്ത്യൻ നീതിന്യായത്തിലെ ഈ സാധ്യതകൾ മുതലെടുത്ത് കുറ്റവാളിയെന്ന് പൊതുസമൂഹം വിധിച്ചാലും കോടതികൾ പല കുറ്റവാളികളെയും വെറുതെ വിടുന്നതും ദിനേന നമ്മൾ പത്രങ്ങളിൽ വായിക്കുന്നു. അതേസമയം നിരപരാധികൾ പലപ്പോഴും വർഷങ്ങളായി അഴികൾക്കുള്ളിൽ ജീവിതം ജീവിച്ച് തീർക്കാൻ വിധിക്കപ്പെടുന്നു. അത്തരമൊരു അനുഭവം വെളിപ്പെടുത്തിയ യുവാവ് തനിക്ക് നഷ്ടപ്പെട്ട 20 വർഷത്തെ ജീവിതം ആര് തിരിച്ച് തരുമെന്ന് ചോദിക്കുമ്പോൾ രാജ്യത്തെ നീതിന്യായ വ്യവസ്ഥയും അതിന്‍റെ പരിപാലകരായ പോലീസ് സംവിധാനവും പ്രതികൂട്ടിലാകുന്നു,








