തിരുവനന്തപുരം: ആർആർടിഎസ് അതിവേഗ റെയിലുമായി മുന്നോട്ട് പോകാൻ ഉത്തരവിറക്കി സംസ്ഥാന സർക്കാർ. ആർആർടിഎസ് പ്രായോഗികവും പൊതുഅംഗീകാരവുമുള്ള മാതൃകയാണെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ 20 ശതമാനം വീതം വിഹിതവും അന്താരാഷ്ട്ര ധനസ്ഥാപനങ്ങളിൽ നിന്ന് 60 ശതമാനം വായ്പയും എടുത്താകും പദ്ധതി നടപ്പാക്കുക. 12 വർഷത്തിനുള്ളിൽ സമ്പൂർണ്ണ സംസ്ഥാനതല ആർആർടിഎസ് ശൃംഖല യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പ്രായോഗികവും സാമൂഹികമായി അംഗീകരിക്കാവുന്നതുമായ ഒരു അതിവേഗ റെയിൽ സംവിധാനമാണ്. ഇതിന്റെ വിജയകരമായ മാതൃകയാണ് ഡൽഹി-മീററ്റ് ആർആർടിഎസ് പദ്ധതി. തൂണുകളിൽ ഉയർത്തിയ രൂപത്തിൽ ഇത് നടപ്പിലാക്കാൻ കഴിയുന്നതിനാൽ,സംസ്ഥാനത്തെ മെട്രോ റെയിൽ പദ്ധതികളുമായി ഇതിനെ സംയോജിപ്പിച്ച് ഏകീകൃത മൾട്ടി-മോഡൽ ഗതാഗത സംവിധാനം സൃഷ്ടിക്കാൻ സാധിക്കുമെന്നും ഉത്തരവിൽ പറയുന്നു.








