ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ലോകത്തിലെ മരണനിരക്ക് കണക്കാക്കുമ്പോൾ അതിൽ കൂടുതലും സംഭവിച്ചിരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്. 2020ൽ ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ സമർപ്പിച്ച കണക്കുകൾ പറയുന്നത് മുപ്പത് മുതൽ അറുപത് വയസുവരെ പ്രായമുള്ള ആളുകളിൽ 19, 238 പേരുടെ ജീവൻ നഷ്ടപ്പെട്ടത് ഹൃദയസംബന്ധമായ അസുഖം മൂലമാണെന്നാണ്. 2021 ആയപ്പോൾ 18നും 30നും ഇടയിൽ 2,541പേരാണ് ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് മരിച്ചതെന്ന് ഈ റിപ്പോർട്ട് പറയുന്നു.
നെഞ്ച്‌വേദനയെ തുടർന്ന് ഒരാൾ പെട്ടെന്ന് തളർന്ന് വീഴുന്നതല്ല ഹൃദയാഘാതത്തിന്റെ ലക്ഷണമെന്നാണ് രാജ്‌കോട്ടിലെ എച്ച്‌സിജി ആശുപത്രിയിലെ കാർഡിയോളജിസ്റ്റായ ഡോ ദിനേശ് രാജ് ഹൃദയാഘാതത്തിന്റെ ആദ്യത്തെ ലക്ഷണത്തെ കുറിച്ച് വിശദീകരിക്കുന്നത്. ഭൂരിപക്ഷം ആളുകളും ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. ദഹനക്കേട്, പേശിയിൽ ഉണ്ടാകുന്ന പിരിമുറുക്കം എന്നിവയാണ് ആദ്യ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നതെന്ന് ഡോക്ടർ പറയുന്നു. അതിനാൽ തന്നെ ആദ്യത്തെ അടയാളങ്ങൾ തിരിച്ചറിയുക എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്.
കൂടുതല്‍ ആളുകളിലും ആദ്യം ഉണ്ടാകുന്നത് നെഞ്ചിനുണ്ടാകുന്ന ബുദ്ധിമുട്ടാണെന്ന് ഡോ ദിനേശ് പറയുന്നു. എന്നാൽ ഇത് വളരെ തീവ്രമായ വേദനയായിരിക്കില്ല. നിങ്ങളുടെ നെഞ്ചിലൊരു ആന ഇരിക്കുന്ന പോലെയുള്ള ഭാരം, അല്ലെങ്കിൽ അമിതമായ സമ്മർദമാകും അനുഭവപ്പെടുക, നെഞ്ചിന് നടുക്കായി എന്തോ നിറഞ്ഞപോലത്തെ അവസ്ഥ, വന്നുംപോയും നിൽക്കുന്ന അസ്വസ്ഥത എന്നിവയാണ് പ്രധാന ലക്ഷണങ്ങളിൽ ഉൾപ്പെടുക. ഹൃദയാഘാതം നെഞ്ചിനെ മാത്രമേ ബാധിക്കുകയുള്ളു എന്നതും തെറ്റിദ്ധാരണയാണ്.
ശരീരത്തിന്റെ പല ഭാഗത്തായി ഈ വേദന ഉയർന്നു വരാം. ഇതിന് കാരണം നാഡികൾ പലയിടങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ്. ഇടത് കൈയിലുണ്ടാകുന്ന ബുദ്ധിമുട്ടാണ് ഇതിൽ ആദ്യം ശ്രദ്ധിക്കേണ്ടത്. ഇത് രണ്ട് കൈകളിലും ഉണ്ടാകാം. താടിയെല്ലിലും കഴുത്തിലും ഉണ്ടാകുന്ന വേദന പലപ്പോഴും പല്ലുവേദനയോ തൊണ്ടവേദനയോ ആയി തെറ്റിദ്ധരിക്കാം. ശരീരത്തിന് പിൻഭാഗത്തായി ഷോൾഡർ ബ്ലേഡുകൾക്കിടയിൽ വേദന ഉണ്ടാകാമെന്നും ഡോക്ടർ വിശദീകരിക്കുന്നു.








