“ആദിവാസി സ്വയം നിർണയ ആശയങ്ങൾ : പരസ്പരബന്ധവും ഉപജീവനത്തിലെ സ്വയം പര്യാപ്തതയും” എന്ന വിഷയത്തിൽ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിൽ ത്രിദിന ദേശീയ സെമിനാർ നടത്തി. ഐ. സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാമരാജനഗർ ജില്ലാ മജിസ്ട്രേറ്റും ഡെപ്യൂട്ടി കമ്മീഷണറുമായ ശ്രീരൂപ IAS പ്രബന്ധ സാരാംശ സമാഹാരം (Book of Abstracts) പ്രകാശനം ചെയ്തു. ഗോത്ര പഠന മേഖലയിലെ പ്രമുഖ പണ്ഡിതനായ പ്രൊഫ. വിർജീനിയസ് ഖാക്ക മുഖ്യപ്രഭാഷണം നിർവഹിച്ചു. കോളേജ് മാനേജർ ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനാധിപനുമായ ഡോ. ഗീവർഗീസ് മാർ ബർന്നബാസ് വിശിഷ്ടാതിഥിയിരുന്നു.
നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ സെൻറർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ ഇൻക്ലൂഷൻ ഡയറക്ടർ ഡോ. സോണി പെല്ലിശ്ശേരി വിഷയാവതരണം നിർവ്വഹിച്ചു.
കോളേജ് റസിഡന്റ് മാനേജർ ഫാ. ബേബി ജോൺ, സുൽത്താൻ ബത്തേരി നഗരസഭാധ്യക്ഷ റസീനാ അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.
ഒഡീഷയിലെ നിയംഗിരി ഖനന വിരുദ്ധ സമരത്തിൽ ഡോംഗ്രിയ കോന്ധ് ഗോത്രത്തെ പ്രതിനിധീകരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഡോ. ബ്രറ്റിൻഡി ജന , മ്യൂസിയം പ്ലാനറും ഫ്യൂച്ചറിസ്റ്റുമായ ഡോ. ജോർജ് ജേക്കബ് തുടങ്ങിയവർ പ്രഭാഷണങ്ങൾ നിർവഹിച്ചു.
കാലിക്കറ്റ് സർവ്വകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻറർ വിദ്യാർഥികൾ നേതൃത്വം നൽകിയ ഗോത്ര കലാരൂപങ്ങൾ, നൂൽപ്പുഴയിലെ തോഡ ട്രൈബൽ ഹെറിറ്റേജ് മ്യൂസിയം സന്ദർശനം തുടങ്ങിയവയും സെമിനാറിനോടനുബന്ധിച്ച് നടത്തപ്പെട്ടു.
ആദിവാസി സ്വയം നിർണയം, മനുഷ്യ – വന്യജീവി സംഘർഷം, സ്വദേശിക അറിവ് സംവിധാനങ്ങളും ആധുനിക ശാസ്ത്രവും തമ്മിലുള്ള ബന്ധം, ഉപജീവനമാർഗങ്ങളിലെ സ്വയം പര്യാപ്തത എന്നീ വിഷയങ്ങളിൽ വിവിധ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെട്ടു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലെ ഗോത്ര സമൂഹങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരും അക്കാദമികരും പങ്കെടുത്ത പാനൽ ചർച്ചകളും നടത്തപ്പെട്ടു.
സെൻ്റ് മേരിസ് കോളേജിലെ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി എന്നീ വകുപ്പുകളുടെയും ബാംഗ്ലൂർ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയിലെ സെൻറർ ഫോർ ദി സ്റ്റഡി ഓഫ് സോഷ്യൽ ഇൻക്ലൂഷൻ എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ നൂറോളം പ്രതിനിധികൾ പങ്കെടുത്തു. ഡോ. ജിഷ പി. മത്തായി (അസിസ്റ്റൻറ് പ്രൊഫസർ, ഇക്കണോമിക്സ് വിഭാഗം) , ഡോ. അനീറ്റ എലിസബത്ത് മാത്യു (അസിസ്റ്റൻറ് പ്രൊഫസർ, പൊളിറ്റിക്കൽ സയൻസ് വിഭാഗം) എന്നിവർ സെമിനാർ കൺവീനർമാരായി പ്രവർത്തിച്ചു.








