മാനന്തവാടി: അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിനിധികൾ മാനന്തവാടിയിൽ പ്രാദേശിക മാധ്യമ പ്രവർത്തകരും മറ്റ് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരുമായി കൂടികാഴ്ചയും ആശയസംവാദവും നടത്തി. എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് മാനന്തവാടി പ്രസ്സ് ക്ലബ്ബിൽ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയത്. വയനാടിൻ്റെ വികസനം ,പ്രാദേശിക വിഷയങ്ങൾ, കേരള രാഷ്ട്രീയം, കാർഷിക പ്രശ്നങ്ങൾ എന്നിവ സംബന്ധിച്ച തുറന്ന ചർച്ചക്കും അഭിപ്രായ രൂപീകരണത്തിനുമാണ് തങ്ങൾ വന്നതെന്ന് പി.വി.മോഹൻ പറഞ്ഞു.
വിവിധ വിഷയങ്ങളിൽ ഉന്നയിക്കപ്പെട്ട ആശയങ്ങൾ രാഹുൽ ഗാന്ധി എം.പി. യുടെ വികസന പദ്ധതികളിലും കോൺഗ്രസ് നയ രൂപീകരണത്തിലും തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഉൾപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വിവിധ പുരസ്കാരങ്ങളും വിതരണം ചെയ്തു. മുൻ മന്ത്രി പി.കെ. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. കോഡിനേറ്റർ ബിജു ശിവരാമൻ, പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് അബ്ദുള്ള പള്ളിയാൽ , അശോകൻ ഒഴക്കോടി, കെ.എം. ഷിനോജ്, ലത്തീഫ് പടയൻ , സിൽവി തോമസ്, സി.വി.ഷിബു , റെനീഷ് ആര്യപ്പള്ളി, റസാഖ് പനമരം തുടങ്ങിയവർ പ്രസംഗിച്ചു.