മാനന്തവാടി: തവിഞ്ഞാല്‍ മക്കിക്കൊല്ലി ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തിയ കടുവയെ പിടികൂടി. വനപാലകര്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ മുത്തങ്ങയിലേക്ക് കൊണ്ടു പോയി. ഇന്നലെ അര്‍ധരാത്രിയോടെയാണ് കടുവ കൂട്ടിലകപ്പെട്ടത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൂട് സ്ഥാപിച്ചത്. കടുവയെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ ദിവസം കടുവ ഭക്ഷിച്ച പശുവിന്റെ ശരീരാവശിഷ്ടവും കൂടിനുള്ളില്‍ വെച്ചിരുന്നു. ഡി.എഫ്.ഒ ഉള്‍പ്പെടെയുള്ള വനപാലകരുടെ നേതൃത്വത്തിലാണ് കടുവയെ പിടികൂടിയത്.
ഒഴക്കോടി മക്കിക്കൊല്ലി വെള്ളിരി പാലം മണക്കാട് ഫ്രാന്‍സിസിസിന്റെ പശുകിടാവിനെയാണ് തിങ്കളാഴ്ച രാവിലെ കടുവ ആക്രമിച്ച് കൊന്ന് പാതി ഭക്ഷിച്ചത്.തുടര്‍ന്ന് തൊട്ടടുത്ത പുതിയ കണ്ടിപെരുംകുന്നില്‍ നിലയുറപ്പിച്ച കടുവയെ തുരത്താനുള്ള വനംവകുപ്പിന്റെ ശ്രമം വിജയം കണ്ടില്ല .കഴിഞ്ഞ ദിവസം പാതി ഉപേക്ഷിച്ച പശു കിടാവിന്റ ജഢം തോട്ടത്തില്‍ നിന്ന് വയലില്‍ എത്തിച്ച് പൂര്‍ണ്ണമായും ഭക്ഷിക്കുകയായിരുന്നു.ഇതോടെ നാട്ടുകാര്‍ വനം വകുപ്പിനെതിരെ തിരിഞ്ഞതോടെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗം അസീസ് വാളാട്, തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തംഗം ജോസ് കൈനികുന്നേല്‍ എന്നിവരുടെ നേതൃത്യത്തില്‍ ഡി.എഫ്.ഒ.രമേശ് ബിഷ്‌ണോയിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കാനും കൂട് സ്ഥാപിക്കാനും തീരുമാനിക്കുകയായിരുന്നു.