ഏറെ ചർച്ചകൾക്കൊടുവിൽ കല്‍പ്പറ്റ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പുറകെ സ്ഥാനാര്‍ത്ഥിക്കെതിരെ കല്‍പ്പറ്റ നഗരത്തില്‍ പോസ്റ്റര്‍ പ്രചരണം. കോഴിക്കോട് സ്വദേശിയായ ടി.സിദ്ദിഖ് വയനാട്ടില്‍ വന്ന് മത്സരിക്കുന്നതിലുള്ള എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ കല്‍പ്പറ്റ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. വയനാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അംഗീകരിക്കണമെന്നും ജില്ലയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടയെന്നും പോസ്റ്ററില്‍ പറയുന്നു. അര്‍ഹതയുള്ളതും, കഴിവുള്ളതുമായ നേതാക്കള്‍ വയനാട്ടിലുണ്ടെന്നും, ജില്ലയിലെ കോണ്‍ഗ്രസിനെ സംരക്ഷിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.
സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായപ്പോഴെ വയനാട്ടിലെ കോണ്‍ഗ്രസില്‍ പ്രതിഷേധ സ്വരം ഉയര്‍ന്നിരുന്നു. ഡി സി സി അധ്യക്ഷന്‍ ഐ സി ബാലകൃഷ്ണനടക്കം പുറമേ നിന്നുള്ള സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്നും, പ്രാദേശിക സ്ഥാനാര്‍ത്ഥികള്‍ക്ക് അവസരം നല്‍കണമെന്നും നിലപാട് സ്വീകരിച്ചിരുന്നു. കല്‍പ്പറ്റ സീറ്റിനു വേണ്ടി വയനാട് ഡി.സി.സിയില്‍ തന്നെ ആഭ്യന്തര മത്സരം നടക്കുന്നതിനിടയിലാണ് പുറമേ നിന്നൊരാള്‍ സീറ്റും കൊണ്ട് പോയത്. വരും ദിനങ്ങളില്‍ കൂടുതല്‍ പരസ്യ പ്രതികരണങ്ങള്‍ വരുമെന്നാണ് ചില കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.