ലക്‌നൗ: വിവാഹ ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടു വെച്ചതിന് വിവാഹചടങ്ങുകളുടെ കാര്‍മികത്വം വഹിക്കാന്‍ വിസമ്മതിച്ച് മുസ്ലിം മതപണ്ഡിതന്‍. ഉത്തർപ്രദേശിലാണ് സംഭവം. രണ്ടു വിവാഹങ്ങളാണ് ഇതുമൂലം വൈകിയത്. പിന്നീട് മറ്റൊരു മതപണ്ഡിതനെ സ്ഥലത്ത് എത്തിച്ചാണ് വിവാഹം നടത്തിയത്. നിസ്‌കാര സമയമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തി പാട്ടുനിര്‍ത്താന്‍ കുടുംബാംഗങ്ങളോട് മുസ്ലീം മതപണ്ഡിതന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുസരിക്കാന്‍ തയ്യാറാവാതിരുന്നതാണ് മൗലവിയെ ചൊടിപ്പിച്ചത്. വിവാഹം നടത്താനാകില്ലെന്ന് അറിയിച്ചു അദ്ദേഹം മടങ്ങുകയായിരുന്നു.
ഉത്തർപ്രദേശിലെ കൈരാനയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ടു വിവാഹങ്ങൾ ഒരുമിച്ച് നടത്താനായാണ് മുസ്ലീം മതപണ്ഡിതൻ സ്ഥലത്ത് എത്തിയത് ‘വിവാഹ ഘോഷയാത്രയില്‍ വരന്മാര്‍ പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഒരേ വേദിയില്‍ വച്ച് രണ്ടു സഹോദരിമാരെ വിവാഹം കഴിക്കാനാണ് അവര്‍ പോയത്. നിസ്‌കാര സമയമാണ് പാട്ടുനിര്‍ത്താന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അവര്‍ അത് അനുസരിച്ചില്ല. തുടര്‍ന്ന് വിവാഹചടങ്ങുകളുടെ കാര്‍മികത്വം നിര്‍വഹിക്കുന്നതില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചു’- മുസ്ലീം പണ്ഡിതന്‍ മൗലാന ഖാരി സുഫിയാന്‍ പറയുന്നു.
മൗലാന ഖാരി സുഫിയാന്‍ നിക്കാഹ് നടത്താൻ വിസമ്മതിച്ചു മടങ്ങിയതോടെ വരന്‍റെയും വധുവിന്‍റെയും വീട്ടുകാർ ആശങ്കയിലായി. സ്ഥലത്തുണ്ടായിരുന്നവർ ചേർന്ന മറ്റൊരു മത പണ്ഡിതനെ കണ്ടെത്തിയാണ് വിവാഹം നടത്തിയത്. ഏതായാലും മുസ്ലീം മതപണ്ഡിതന്‍ നിക്കാഹ് നടത്താൻ തയ്യാറാകാതെ പിന്മാറിയത് ഗ്രാമത്തില്‍ വലിയ ചർച്ചാ വിഷയമായിട്ടുണ്ട്. മതപണ്ഡിതനെ എതിർത്തും അനുകൂലിച്ചും നാട്ടുകാർ രംഗത്തെത്തി. മതപണ്ഡിതൻ ചെയ്തത് വളരെ ശരിയാണെന്ന് ഒരു കൂട്ടർ അഭിപ്രായപ്പെട്ടപ്പോൾ അദ്ദേഹത്തെ വിമർശിച്ചാണ് മറ്റൊരു കൂട്ടർ രംഗത്തെത്തിയത്.