ദേഹം മണ്ണിൽ അടക്കുേമ്പാഴും നിങ്ങളുടെ ഉള്ളിൽ ജീവൻ അവശേഷിക്കുന്നുണ്ടെങ്കിലോ..? സംസ്കാര ക്രിയകൾ കഴിഞ്ഞ് എല്ലാവരും പോയ ശേഷം ഉറക്കിൽ നിന്നുണരും േപാലെ നിങ്ങളുടെ ജീവൻ തിരിച്ചുകിട്ടിയാൽ മണ്ണിനടിയിൽ എന്തുചെയ്യും..? പ്രത്യക്ഷമായി ലക്ഷണങ്ങളൊന്നും കാണിക്കാതെ ജീവൻ ശരീരത്തിൽ തന്നെ അവശേഷിച്ച കഥകൾ ഏറെ കേട്ട ആർക്കും ഇങ്ങനെയൊരു ആധി മനസിലുണ്ടാകാൻ സാധ്യതയുണ്ട്.
ഇതേ ആധി തലക്കുപിടിച്ച ഒരു ഡോക്ടർ അമേരിക്കയിലുണ്ടായിരുന്നു. 1893 ൽ മരിച്ച ഡോ. തിമോത്തി ക്ലാർക്ക് സ്മിത്ത് തന്‍റെ ആധി മറക്കാൻ ചെയ്ത കാര്യങ്ങൾ അദ്ദേഹത്തിന്‍റെ കുഴിമാടത്തെ നിരവധി ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് ഇപ്പോൾ.
മരണത്തിന് മുമ്പ് തന്നെ ഡോ. തിമോത്തി തന്‍റെ കുഴിമാടം രൂപകൽപന ചെയ്തു. കുഴിമാടത്തിന് അകത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാൻ ആദ്യമേ ഒരു കണ്ണാടി ജനൽ സ്ഥാപിച്ചു. കുഴിമാടത്തിൽ കിടക്കുേമ്പാൾ പെട്ടൊന്ന് ഉണർന്നാൽ പുറത്തുള്ളവരെ വിവരമറിയിക്കാൻ അകത്ത് ഒരു ബെല്ലും സ്ഥാപിച്ചു.
മരണശേഷം ഡോ. തിമോത്തിയെ ഇതേ കുഴിമാടത്തിലാണ് അടക്കിയത്. നാളിതുവരെയായിട്ടും തിമോത്തിയുടെ ബെൽ ആരും കേട്ടിട്ടില്ല. എന്നാൽ, കുഴിമാടത്തിനകത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാനായി കണ്ണാടി ജനലിലൂടെ നോക്കാൻ നിരവധി പേരാണ് ഇപ്പോഴും ഇവിടെ എത്തുന്നത്.