വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് സംഘങ്ങൾ വീണ്ടും സജീവം. ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ജോലിക്ക് ആളെയെടുക്കുന്നുവെന്ന് ഒ.എൽ.എക്സ്. വഴി പരസ്യം നൽകിയാണ് തട്ടിപ്പിന് നിലം ഒരുക്കുന്നത്. ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞ് എത്തുന്നവർ പിന്നീട് ട്രെയിനിങ്ങിന്റെ പേരിൽ പണം തട്ടുന്നതാണ് രീതി.
എയർപോർട്ട് ഗ്രൗണ്ട് സ്റ്റാഫ് ജോലി വാങ്ങി നൽകാമെന്നു പറഞ്ഞാണ് ഇവർ ബന്ധപ്പെടുന്നത്. തുടർന്ന് എയർപോർട്ട് അതോറിറ്റി ഇന്ത്യയുടേതെന്ന പേരിൽ വ്യാജ ലെറ്റർ പാഡിൽ നെടുമ്പാശ്ശേരി അടക്കമുള്ള വിമാനത്താവളങ്ങളിൽ ജോലി ലഭിച്ചെന്ന് കത്തയയ്ക്കും. വൻ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാകും കത്തിൽ വാഗ്ദാനം ചെയ്യുക.
അടുത്ത കത്തെത്തുക എയർപോർട്ടുകളുടെ പേരിലാകും. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശപ്രകാരമാണ് കത്തെന്നാകും ഇതിൽ പറഞ്ഞിരിക്കുക. ജോലിയുടെ ഭാഗമായി പരിശീലനം ഉണ്ടെന്നാകും ഈ കത്തിൽ പറയുക. ഐ.ഡി. കാർഡ്, അറ്റഡൻസ് സ്ലിപ്പ്, എച്ച്.ആർ. ആശയവിനിമയ ചാർജ് തുടങ്ങിയവയുടെ ചെലവ് അടക്കം മൂവായിരം രൂപ പരിശീലനത്തിന്റെ ഭാഗമായി അടയ്ക്കാനാകും നിർദേശം. ട്രെയിനിങ്ങിന് ചെല്ലുമ്പോൾ തിരിച്ചറിയൽ രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം തുടങ്ങിയ നിർദേശങ്ങളും ഉണ്ടാകും. ഓൺലൈനായി പണം അടയ്ക്കാനാകും നിർദേശം. പണം അടച്ച ശേഷം പിന്നീട് ഇവർ ബന്ധപ്പെടില്ല. ദിവസങ്ങൾ കഴിഞ്ഞാകും തട്ടിപ്പിൽ പെട്ട കാര്യം ആളുകൾ തിരിച്ചറിയുക.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനെ നിയമിക്കുന്നതിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ബന്ധമില്ല. സിയാലാണ് നിയമനം നടത്തുന്നത്. എന്നാൽ ഇതൊന്നും അന്വേഷിക്കാതെയാണ് ആളുകൾ തട്ടിപ്പിൽ വീണുകൊണ്ടിരിക്കുന്നത്.
തട്ടിപ്പ് നടക്കുന്നുണ്ട്
ഇത്തരം ഒരുപാട് തട്ടിപ്പ് നടക്കുന്നുണ്ട്. എയർപോർട്ടിൽ വിളിച്ച് പലരും ജോലി ഒഴിവുണ്ടോ എന്ന് അന്വേഷിക്കുന്നുമുണ്ട്. ഈ കാര്യത്തിൽ പത്രമാധ്യമങ്ങൾ വഴി വിശദീകരണം നൽകിയതാണ്. സിയാലിൽ ഒഴിവുണ്ടായാൽ വെബ്‌സൈറ്റ് വഴിയോ പത്രമാധ്യമങ്ങൾ വഴിയോ നോട്ടിഫിക്കേഷൻ നൽകിയ ശേഷമാണ് ആളെയെടുക്കുന്നത്.
യാഥാർഥ്യം പരിശോധിക്കണം
ഇത്തരം തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരുടെ പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം നിയമന ഉത്തരവുകൾ ലഭ്യമായാൽ എയർപോർട്ട് പോലുള്ള സ്ഥാപനങ്ങളിൽ ബന്ധപ്പെട്ട് യാഥാർഥ്യം പരിശോധിക്കണം.
 
								 
															 
															 
															 
															







