തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം ഒ എ. സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും, രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും ചീഫ് സെക്രട്ടറിയ്ക്ക് അയച്ച കത്തില്‍ സംഘടന ആവശ്യപ്പെടുന്നു.
രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണ്. പ്രതിസന്ധികള്‍ നേരിടാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും കത്തില്‍ പറയുന്നു. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വായുവിലൂടെ പടരാന്‍ സാദ്ധ്യതയുണ്ടെന്നും കെ ജി എം ഒ എ. മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്ക് മാത്രമായി നീക്കിവയ്ക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.
അതേസമയം കോഴിക്കോട് സ്വയം പ്രഖ്യാപിത ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്.