കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം. അക്രമിയിൽ നിന്നുള്ള ഉപദ്രവമേറ്റ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യുവതിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുനലൂർ പാസഞ്ചർ ട്രെയിനിലാണ് സംഭവം. മുളന്തുരുത്തി സ്വദേശിനിയ്ക്കാണ് ഇതോടെ പരിക്കേറ്റിട്ടുള്ളത്. കാഞ്ഞിരമറ്റത്തിനടുത്ത ഒലിപ്പുറത്ത് വെച്ച് രാവിലെ പത്ത് മണിയോടെ യുവതിയെ കവർച്ച നടത്തിയ ശേഷമാണ് അക്രമി ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുള്ളത്. ട്രെയിനിനുള്ളിൽ വെച്ച് വാതിൽ അടച്ച് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമി ഉപദ്രവിക്കുന്നത്.
ഇതോടെ തലയ്ക്ക് പരിക്കേറ്റ പെൺകുട്ടിയെ എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ ജോലി ചെയ്യുന്ന യുവതി മുളന്തുരുത്തിയിൽ നിന്നാണ് ട്രെയിനിൽ കയറുന്നത്. കമ്പാർട്ട്മെന്റിൽ യുവതിയും അക്രമിയും മാത്രമാണ് സംഭവം നടക്കുമ്പോഴുണ്ടായിരുന്നത്. കമ്പാർട്ട്മെന്റിന്റെ വാതിലുകളടച്ച് യുവതി രക്ഷപ്പെടാതിരിക്കാനുള്ള സാധ്യതകൾ ഇല്ലാതാക്കിയ ശേഷമായിരുന്നു അക്രമം. സ്ക്രൂട്ട് ഡ്രൈവർ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തിയ ഇയാൾ ആഭരണങ്ങൾ അഴിച്ചുവാങ്ങുകയായിരുന്നു.
യുവതി കയറിയ മുളന്തുരുത്തി സ്റ്റേഷൻ പിന്നിട്ടതോടെ തന്നെ അക്രമി യുവതിയെ വലിച്ചിഴച്ച് ശുചിമുറിയുടെ സമീപത്തെക്ക് കൊണ്ടുവന്ന് ആക്രമിക്കുകയായിരുന്നു. ഇതിനിടെ വാതിൽ തുറന്ന് പുറത്തേക്ക് ചാടാൻ ശ്രമിച്ച യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ തൂങ്ങി നിൽക്കുകയും പിന്നീട് വീഴുകയുമായിരുന്നു. അതേ സമയം സമയം പെൺകുട്ടിക്കേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം പുറത്തറിഞ്ഞതോടെ റെയിൽവേ പോലീസ് അടക്കമുള്ളവർ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.