രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ വനിതാ ഐപിഎൽ റദ്ദാക്കിയേക്കുമെന്ന് സൂചന. ഇക്കൊല്ലം ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾക്ക് സമാന്തരമായാണ് വനിതാ ടി-20 ചലഞ്ച് നടത്താൻ തീരുമാനിച്ചിരുന്നത്. ഒരു മുതിർന്ന താരത്തെ ഉദ്ധരിച്ച് ക്രിക്കറ്റ്ഡോട്ട്കോമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“ഇത് സങ്കടകരമായ വാർത്തയാണ്. ടി-20 ചലഞ്ച് കളിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുൻപ് കുറച്ച് ഗെയിം സമയം ലഭിച്ചേനെ. എന്നാൽ, എല്ലാം തകർന്നു. അന്വേഷണങ്ങൾക്കൊന്നും മറുപടിയില്ല.”- മുതിർന്ന താരം പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേ സമയം ഐപിഎൽ മത്സരങ്ങൾ നിലവിലെ ഷെഡ്യൂൾ പ്രകാരം നടക്കാനാണ് സാധ്യത. വിദേശ താരങ്ങളിൽ പലരും മടങ്ങിയെങ്കിലും മത്സരം പൂർത്തിയാക്കാനാണ് ബിസിസിഐ തീരുമാനം.
അതിനിടെ രാജ്യത്തെ കൊവിഡ് ബാധ അതീവ ഗുരുതരമായി തുടരുകയാണ്.