ഇടുക്കി പീരുമേട്ടിൽ ഒന്നര വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവ്. കോട്ടയം അയർക്കുന്നം കുന്തംചാരിയിൽ വീട്ടിൽ ജോയിയുടെ ഭാര്യ റോളി മോളെയാണ് തൊടുപുഴ നാലാം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചത്. തൊടുപുഴ മുട്ടം കോടതിയുടേതാണ് വിധി.
2018 ഏപ്രിൽ 18ന് ഉപ്പുതറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പീരുമേട് ടീ എസ്റ്റേറ്റിലെ ലയത്തിൽ വച്ചായിരുന്നു സംഭവം. കോട്ടയം സ്വദേശിയായ പ്രതിയും കുടുംബവും ബന്ധുവിന്റെ വീടുപണിയുമായി ബന്ധപ്പെട്ടാണു താമസത്തിനെത്തിയത്. പ്രതിക്ക് ഭിന്നശേഷിക്കാരനായ മറ്റൊരു മകൻ കൂടിയുണ്ട്. ഇളയ കുട്ടിയെ കൊന്ന ശേഷം മൂത്തമകനോടൊപ്പം ജീവനൊടുക്കാനാണ് പ്രതി തീരുമാനിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. കുട്ടിയുടെ കഴുത്തിലെ വിരൽപാട് കണ്ടു സംശയം തോന്നിയ ഡോക്ടറാണ് പോലീസിനെ അറിയിച്ചത്.