വാർധക്യത്തിൽ മാത്രം ഉണ്ടാകുന്ന ഒരു രോഗമല്ലാതായി മാറിയിരിക്കുകയാണ് കാൻസർ. ഇന്ന് ഇന്ത്യയിൽ ഇതിന്റെ പ്രതിരോധവും മുൻകൂട്ടിയുള്ള രോഗനിർണയവും ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതും ഏറ്റവും വേഗത്തിൽ തന്നെ ആരംഭിക്കണം. ചെറു പ്രായമോ ശാരീരിക ക്ഷമതയോ ഒന്നും കാൻസറിനെ പ്രതിരോധിക്കാനുള്ള ഘടകങ്ങളല്ലെന്ന് തറപ്പിച്ച് പറയുകയാണ് ഡോ ത്രിലോക് പ്രതാപ് സിങ് ഭണ്ഡാരി. കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി താൻ പലതരം രോഗികളെ കണ്ടിട്ടുണ്ടെന്നും കാൻസർ പാറ്റേണുകളിൽ പലതരം മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും ഭണ്ഡാരി പറയുന്നു.
തന്റെ കരിയർ ആരംഭിക്കുമ്പോൾ ഭൂരിഭാഗം രോഗികളും അവരുടെ അമ്പതുകളിലും അറുപതുകളിലുമായിരുന്നു. ഇന്ന് മുപ്പതുകളിലും അതിലും ചെറുപ്പമായവരിലും ഇത് കാണപ്പെടുന്നു. അവരിൽ ഭൂരിഭാഗവും ശാരീരിക ക്ഷമതയും ഊർജ്ജസ്വലതയും ഉള്ളവരാണ്. അവർ തങ്ങൾക്ക് കാൻസറാണെന്ന് അംഗീകരിക്കാൻ തയ്യാറാവുകയുമില്ല.
യുവതികളിലെ ബ്രസ്റ്റ് കാൻസറാണ് ഇതിലെ ഏറ്റവും വലിയ ഉദാഹരണം. ഇതിൽ പലരും ഉന്നത പദവികളിൽ ജോലിചെയ്യുന്നവരോ കുഞ്ഞുകുട്ടികളുടെ അമ്മമാരോ ആയിരിക്കും. കുടുംബത്തിലെ ഏറ്റവും ആരോഗ്യമുള്ളവരെന്ന് കരുതുന്ന ഇവർക്കാണ് ഈ അസുഖം നിർണയിക്കപ്പെടുന്നത്. ഇന്ത്യയിൽ ഇത്തരത്തിൽ സ്തനാർബുദം സ്ഥിരീകരിക്കപ്പെടുന്നവരിൽ 10 മുതൽ 20 ശതമാനം വരെ ആർത്തവവിരാമത്തിലേക്ക് എത്തുന്നവരാണ്. ഇത് ഇനിയും കൂടാമെന്നാണ് ഡോക്ടർ പറയുന്നത്. തങ്ങൾക്ക് കാൻസർ വരാനുള്ള സാധ്യതയെ കുറിച്ച് ഇവർ ചിന്തിക്കാറില്ല. സ്ഥിരമായ സ്‌ക്രീനിങ് നടത്തുന്നത് പ്രായമാകുമ്പോൾ മാത്രമാണ്.
വൻകുടൽ കാൻസറിനെ കുറിച്ചുള്ള നിഗമനങ്ങളും മാറിമറിയുകയാണ്. ഈ കാൻസർ നാൽപത് വയസിന് താഴെയുള്ളവരിൽ വളരെ വിരളമായിരുന്നു. എന്നാൽ ഇന്ന് യുവാക്കളിലും റെക്റ്റൽ ബ്ലീഡിങ്, വിവരിക്കാൻ കഴിയാത്ത തരത്തിലുള്ള ഭാരക്കുറവ് എന്നിവ കാണപ്പെടുന്നുണ്ട്. തെറ്റിദ്ധാരണ മൂലം ഇത്തരം മുന്നറിയിപ്പുകളെ തള്ളിക്കളയുകയാണ് പലരും ചെയ്യുക. സ്‌പെഷ്യലിസ്റ്റിനെ സമീപിക്കുമ്പോഴേക്കും രോഗം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടുണ്ടാകും.








