അപ്പപാറ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ കൊണ്ടിമൂല വനത്തില്‍ നിന്നും മലമാനിനെ വേട്ടയാടിയ കേസിലെ മൂന്നാം പ്രതിയേയും വനംവകുപ്പ് അറസ്റ്റ് ചെയ്തു. തരുവണ കൊടക്കാട് അബ്ദുള്‍ സാലിം (37) ആണ് അരണപ്പാറയില്‍ വെച്ച് വനം വകുപ്പിന്റെ പിടിയിലായത്.
സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട അബ്ദുള്‍ സാലിമിനെ വൈകുന്നേരത്തോടെയാണ് പിടികൂടിയത്. ദ്വാരക എ കെ ഹൗസ് മുസ്തഫ (45), ബത്തേരി അമ്പലവയല്‍ പടിക്ക തൊടി പി എം ഷഫീര്‍ (30) എന്നിവര്‍ രാവിലെ അറസ്റ്റിലായിരുന്നു. മലമാനിന്റെ 80 കിലോ ഇറച്ചിയും വേട്ടയാടാനുപയോഗിച്ച തോക്ക്, വെട്ടുകത്തി, ടോര്‍ച്ച്, തിരകള്‍, കയര്‍, മാനിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങിയവയും വനം വകുപ്പ് പിടിച്ചെടുത്തിരുന്നു.ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.
നായാട്ടുസംഘം വനത്തില്‍ എത്തിയതായി റെയിഞ്ച് ഓഫീസര്‍ രാകേഷിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ എം.വി. ജയപ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടു ചാക്കുകളിലായി മാനിന്റെ ഇറച്ചിയുമായി വരുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുസ്തഫയും ഷഫീറും ആദ്യം പിടിയിലായി. ഒടി രക്ഷപ്പെട്ട അബ്ദുള്‍ സാലിമിനെ വൈകുന്നേരം അരണപ്പാറയില്‍ വെച്ചാണ് പിടികൂടിയത്.