അമേരിക്കയിലെ ഒരു വിമാനത്താവളത്തില്‍ ഇന്ത്യക്കാരന്‍റെ ബാഗേജില്‍ നിന്ന് ചാണകക്കട്ട കണ്ടെത്തി. വാഷിങ്ടണ്‍ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു ബാഗ്. രൂക്ഷമായ മണം വമിച്ചതോടെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജന്റുമാർ (സി.ബി.പി) ബാഗ് തുറന്നുപരിശോധിച്ചത്.
ചാണകം ചില രോഗങ്ങളുടെ വാഹകരാണെന്ന് കരുതുന്നതിനാല്‍ ഉടന്‍ തന്നെ നശിപ്പിച്ചുകളഞ്ഞെന്ന് സി.ബി.പി ഏജന്‍റുമാര്‍ അറിയിച്ചു. “ഏപ്രിൽ 4 ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ യാത്രക്കാരന്‍റേതാണ് ബാഗ്. വിമാനത്താവളം വൃത്തിയാക്കുന്നതിനിടെയാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗ് കണ്ടെത്തിയത്”- സി.ബി.പി അറിയിച്ചു.
ലോകത്തിന്റെ പല ഭാഗങ്ങളിലും ചാണകം പാചകത്തിനും വളമായുമൊക്കെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കന്നുകാലികള്‍ക്ക് ഫൂട്ട് ആന്‍റ് മൌത്ത് ഡിസീസ് (എഫ്എംഡി) വന്നാലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് പേടിയുള്ളതിനാലാണ് പുറത്തുനിന്നുള്ള ചാണകം കയറ്റാത്തതെന്ന് യുഎസ് കാര്‍ഷിക വകുപ്പ് പ്രതികരിച്ചു.