തിരുവനന്തപുരം :സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ചകൂടി നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടണമെന്ന് ഇന്ന് ആരോഗ്യവകുപ്പിന്റെയും കൊവിഡ് വിദഗ്ധ സമിതിയുടെയും നേത്രത്വത്തിൽ ചേർന്ന യോഗം ശുപാർശ ചെയ്തിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 16 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്. നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടർന്നുകൊണ്ടായിരിക്കും ലോക്ക്ഡൗൺ.
അതേസമയം രോഗവ്യാപനം കൂടിയ ജില്ലകളായ മലപ്പുറം, തൃശൂർ, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു
ഒരാഴ്ച പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ കൊണ്ട് രോഗവ്യാപനതോത് ഗണ്യമായ രീതിയിൽ കുറയ്ക്കാൻ സാധിക്കില്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ലോക്ക്ഡൗൺ ഒരാഴ്ച കൂടി തുടരുക എന്ന തീരുമാനത്തിൽ സർക്കാർ എത്തിച്ചേർന്നത്.