റോഡരീകിൽ നിർത്തിയിട്ടിരുന്ന മുട്ട നിറച്ച ഉന്തുവണ്ടിയിൽ നിന്ന് മുട്ട മോഷ്ടിച്ച ഹെഡ് കോൺസ്റ്റബിളിന് സസ്പെൻഷൻ. പഞ്ചാബ് പോലീസിലെ ഹെഡ് കോൺസ്റ്റബിളായ പ്രിത്പാൽ സിങ്ങിനാണ് മുട്ട മോഷണം വൈറലായതോടെ സസ്പെൻഷനിലായത്.
ഫത്തേഗഡ് നഗരത്തിലെ തിരക്കേറിയ റോഡിൽ നിർത്തിയിട്ടിരിക്കുന്ന ഉന്തുവണ്ടിയിൽ നിന്നാണ് പ്രിത്പാൽ മുട്ട മോഷ്ടിച്ചത്. വണ്ടിക്ക് സമീപം നിന്നുകൊണ്ട് മുട്ടകളെടുത്ത് സ്വന്തം പോക്കറ്റിലിടുന്ന പ്രിത്പാലിന്റെ ദൃശ്യം സമീപത്തുണ്ടായ ആരോ മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. മുട്ട മോഷ്ടിച്ച ശേഷം ഇയാൾ ഉടമ വരുന്നത് കണ്ടതോടെ ധൃതിയിൽ നടന്നുനീങ്ങുന്നതും ഓട്ടോയ്ക്ക് കൈകാട്ടി നിർത്തുന്നതും വീഡിയോയിൽ കാണാം.
വീഡിയോ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് അധികൃതർ ഇയാൾക്കെതിരേ നടപടിയെടുത്തത്. ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് പോലീസ് ട്വിറ്ററിൽ അറിയിച്ചു.