മലപ്പുറം: കോവിഡ് ബാധയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയെടുത്ത് മടങ്ങിയ തിരൂർ സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് രോഗ ബാധ സ്ഥിരീകരിച്ചു.
തിരൂർ ഏഴൂർ ഗവ. ഹൈസ്കൂൾ മേഖലയിൽ താമസിക്കുന്ന 62 കാരനാണ് രോഗ ബാധ. രോഗം ശരീരത്തിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അടിയന്തര ശസ്ത്രക്രിയയിലൂടെ ഇദ്ദേഹത്തിന്റെ ഒരു കണ്ണ് നീക്കം ചെയ്തു.
ഏപ്രിൽ 22നാണ് തിരൂർ സ്വദേശിയായ 62കാരന് കോവിഡ് പോസിറ്റീവ് ആകുന്നത്. 25ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മെയ് മൂന്നിന് ഡിസ്ചാർജ്ജും ചെയ്തു.
രണ്ട് ദിവസത്തിന് ശേഷം കണ്ണിന്റെ കാഴ്ചക്ക് പ്രശ്നമുണ്ടായതിനെ തുടർന്ന് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ബ്ലാക്ക് ഫംഗസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് കൂടുതൽ ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റി.