തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയില്‍ ഏറെ ചര്‍ച്ചയാവുന്നത് വീണാ ജോര്‍ജിന്റെ മന്ത്രി സ്ഥാനമാണ്. വീണ ജോര്‍ജ് മന്ത്രിയായതിലല്ല, അവര്‍ക്ക് ലഭിച്ച വകുപ്പാണ് ചര്‍ച്ചയ്ക്ക് ആധാരം. കെ കെ ശൈലജ ടീച്ചര്‍ കൈമുദ്ര പതിപ്പിച്ച ആരോഗ്യ വകുപ്പിനേ അതേ നിലവാരത്തില്‍ കൊണ്ടുപോകുവാന്‍ വീണയ്ക്കാകുമോ എന്നതാണ് നിരവധി പേര്‍ ഉയര്‍ത്തുന്ന ചോദ്യം. എന്നാല്‍ ഈ വെല്ലുവിളിയെ പുഞ്ചിരിയോടെ സ്വീകരിച്ചിരിക്കുകയാണ് നിയുക്ത മന്ത്രി.
ആറന്മുള എം എല്‍ എയായി കഴിഞ്ഞ അഞ്ചുവര്‍ഷവും മികവ് പ്രകടിപ്പിച്ച വീണ ജോര്‍ജിന് ഇക്കുറി മന്ത്രി സ്ഥാനം ഏറെ പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലഭിച്ച വകുപ്പായിരുന്നു പലര്‍ക്കും ഞെട്ടലായത്
അതേസമയം 2016ലും വീണ ജോര്‍ജ് എന്ന പേര് സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. മാദ്ധ്യമ ലോകത്ത് നിന്നും രാഷ്ട്രീയ മുന്‍പരിചയമൊന്നും ഇല്ലാത്ത വീണ പൊടുന്നനെ ആറന്മുളയില്‍ ഇടത് സ്ഥാനാര്‍ത്ഥിയായതാണ് അന്ന് ചര്‍ച്ചയായത്. എന്നാല്‍ വീണയെ ഇടത് കൂടാരത്തിലേക്ക് എത്തിച്ചത് കെ കെ ശൈലജയായിരുന്നു എന്നതാണ് ഏറെ കൗതുകകരം.
കെ കെ ശൈലജ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃപദവിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ നടത്തിയ സമ്മേളനങ്ങളിലെ സെമിനാറുകളില്‍ വീണ ജോര്‍ജ് സ്ഥിര സാന്നിദ്ധ്യമായിരുന്നു. ശൈലജ ഇതിനായി വീണയെ സ്ഥിരമായി ക്ഷണിക്കുകയായിരുന്നു. ഇടതുവേദികളില്‍ വീണയുടെ സാന്നിധ്യം തിരിച്ചറിഞ്ഞാണ്, ഇടതിന് വഴങ്ങാത്ത ആറന്മുള പിടിക്കാന്‍ വീണയെ നിയോഗിക്കുന്നത്. കോളേജ് പഠനകാലത്ത് വീണാ ജോര്‍ജ് എസ് എഫ് ഐ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തതും ഒരു കാരണമായി.
ശൈലജയുടെ പിന്‍ഗാമിയായി എത്തുമ്ബോഴും മികച്ച ആത്മവിശ്വാസത്തിലാണ് നിയുക്ത മന്ത്രി. ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത് വെല്ലുവിളിയല്ലേയെന്ന ചോദ്യത്തിന് ഏത് വകുപ്പ് ലഭിച്ചാലും നന്നായി പ്രവര്‍ത്തിക്കാന്‍ കഠിനപരിശ്രമം നടത്തുമെന്നായിരുന്നു വീണയുടെ മറുപടി.