തിരുവനന്തപുരം : ലോക് ഡൗണില്‍ മൊബൈല്‍ ഫോണ്‍ കടകള്‍ അടച്ചത് റിപ്പയറിംഗിനും റീചാര്‍ജിനും ബുദ്ധിമുട്ടുണ്ടാക്കുന്നു. അവശ്യ വസ്തുക്കളുടെ വിഭാഗത്തിൽ ഉള്‍പ്പെടുത്തി മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ തുറക്കാന്‍ അനുമതി വേണമെന്നാണ് ആവശ്യം ഉയരുന്നത്. കേടായ മൊബൈല്‍ ഫോണുകള്‍ നന്നാക്കാന്‍ നിവൃത്തിയുമില്ലാത്ത അവസ്ഥയാണിപ്പോള്‍. റീചാര്‍ജ് ചെയ്യാനും ചാര്‍ജര്‍, ഹെഡ് സെറ്റ് പോലുള്ളവ വാങ്ങാനും പറ്റുന്നില്ല.
റീചാര്‍ജ് ഓണ്‍ലൈനായി ചെയ്യാന്‍ സാധിക്കുമെങ്കിലും അതിന് പറ്റാത്ത വയോജനങ്ങളും സ്ത്രീകളുമാണ് പ്രതിസന്ധിയിലായത്.
ഈ സാഹചര്യത്തില്‍ അവശ്യ വസ്തുക്കളുടെ ഇനത്തില്‍ ഉൾപ്പെടുത്തി മൊബൈല്‍ഫോണ്‍ റിപ്പയറിംഗ്
സെന്‍ററുകളും സ്പെയര്‍പാര്‍ട്സ് കടകളും തുറക്കാന്‍ അനുമതി വേണമെന്നാണ് ആവശ്യം.
കേടായ മൊബൈല്‍ഫോണ്‍ നന്നാക്കാനായി നിരവധി ഫോണ്‍കോളുകളാണ് ദിവസവും എത്തുന്നതെന്ന് റിപ്പയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. ഇലക്ട്രിക്ക് ഷോപ്പുകള്‍ക്കും മറ്റും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് പോലെ തന്നെ മൊബൈല്‍ റിപ്പയറിംഗ് ഷോപ്പുകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി വേണമെന്നാണ് ആവശ്യം. കടകള്‍ തുറക്കാന്‍ അനുമതി തേടി മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരിക്കുകയാണ് മൈബൈല്‍ഫോണ്‍ ടെക്നീഷ്യന്‍സ് അസോസിയേഷന്‍.