ന്യൂഡൽഹി: പുതിയ ഡിജിറ്റൽ നിയമങ്ങൾ നടപ്പാക്കിയതിന്‍റെ വിശദാംശങ്ങൾ അറിയിക്കണമെന്ന് സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ.
ഇതുമായി ബന്ധപ്പെട്ട് വിവിധ സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ കത്ത് നൽകി. പുതിയ നിയമങ്ങൾക്കെതിരെ വാട്സാപ്പ് നിയമനടപടിയുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സമൂഹമാധ്യമങ്ങൾക്ക് മേൽ കേന്ദ്രസർക്കാർ പിടിമുറുക്കിയത്.
ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ പുതിയ ഡിജിറ്റൽ നിയമങ്ങൾ കൊണ്ടു വന്നത്. ഇത് നടപ്പാക്കാൻ സമൂഹമാധ്യമങ്ങൾ മൂന്ന് മാസത്തെ സമയം ചോദിക്കുകയായിരുന്നു. കേന്ദ്രസർക്കാർ അനുവദിച്ച സമയം ഇന്ന് അവസാനിച്ചിരുന്നു.
തുടർന്നാണ് ഇക്കാര്യത്തിലെ പുരോഗതി അറിയിക്കാൻ ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങൾക്ക് കേന്ദ്രസർക്കാർ നോട്ടീസയച്ചത്.
അതേസമയം, ജനങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ഉദ്ദേശമില്ലെന്ന് ഇതുമായി ബന്ധപ്പെട്ട കേസിൽ വാട്സാപ്പിന് കേന്ദ്രസർക്കാർ മറുപടി നൽകി.
ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ്. പക്ഷേ ഇതിനൊപ്പം നിയമവ്യവസ്ഥയും രാജ്യസുരക്ഷയും ഉറപ്പാക്കേണ്ടതും സർക്കാറിന്‍റെ കടമയാണെന്ന് ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.