കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളോടെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച 65കാരനാണ് ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കണ്ടതോടെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തിരുന്നു.
വയനാട് മെഡിക്കല്‍ കോളേജില്‍ നിന്നും മെയ് 20ന് കോവിഡ് രോഗമുക്തി നേടിയ ശേഷം ചികിത്സയില്‍ തുടരവെ കണ്ണിന് അസ്വസ്ഥതയും,കടുത്ത തലവേദനയും അനുഭവപ്പെട്ട ഇദ്ദേഹത്തെ ബന്ധുക്കള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധിച്ചതിലാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടതു കണ്ണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നിലവില്‍ രോഗി സുഖം പ്രാപിച്ചു വരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കി.
മെയ് 09 നാണ് വയോധികന് കോവിഡ് രോഗബാധ സ്ഥിരീകച്ചത്. തുടര്‍ന്ന് 19 ന് തലവേദനയെ തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ കോവിഡ് നെഗറ്റീവായെങ്കിലും ക്ഷീണം മൂലം ചികിത്സയില്‍ തുടര്‍ന്നു. 21 ന് വീണ്ടും കടുത്ത തലവേദനയും കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നീട് സാധാരണ ചികിത്സ തന്നെ തുടര്‍ന്നെങ്കിലും 27 ന് കണ്ണിന് തടിപ്പ് കൂടുകയും, മൂക്കില്‍കൂടി രക്തസ്രാവമുണ്ടാകുകയും ചെയ്തു മെയ് 28ന് സ്വമേധയാ ഡി സ്ചാര്‍ജ്ജ് വാങ്ങി രോഗിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് നടത്തിയ പരിശോധനയില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ സ്ഥിരീകരിക്കുകയായിരുന്നു.
കണ്ണിന് രോഗബാധ ഗുരുതരമായതിനാല്‍ ഇടതു കണ്ണ് പൂര്‍ണ്ണമായും ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സക്ക് ശേഷം രോഗിയെ ഇന്ന് നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
എന്നാല്‍ ബന്ധുക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.