കോഴിക്കോട്: എൻഡിഎയിൽ എത്താൻ സികെ ജാനുവിന് പത്ത് ലക്ഷം രൂപ നൽകിയെന്ന തരത്തിൽ പുറത്ത് വന്ന ശബ്ദരേഖയിൽ വിശദീകരണവുമായി കെ സുരേന്ദ്രൻ. എൻഡിഎയിൽ എത്താൻ സികെ ജാനുവിന് പണം നൽകിയെന്ന ആരോപണം തെറ്റാണ്. പണം കൊടുത്തതാണ് സംഭവമെങ്കിൽ വ്യവസ്ഥാപിതമായി മാത്രമെ സികെ ജാനു മത്സരിച്ച മണ്ഡലത്തിലും കാര്യങ്ങൾ നടന്നിട്ടുള്ളു എന്നും കെ സുരേന്ദ്രൻ വിശദീകരിക്കുന്നു.
തെരഞ്ഞെടുപ്പ് കാലത്ത് പല ആവശ്യത്തിനായി പലരും വിളിക്കും. അവരോടെല്ലാം സംസാരിച്ചിട്ടുമുണ്ടാകും. പ്രസീദയെ വിളിച്ചിട്ടില്ലെന്ന് പറയുന്നില്ല. പക്ഷെ പറഞ്ഞ മുഴുവൻ കാര്യങ്ങളും പുറത്ത് വരുമ്പോൾ അവ്യക്തത മാറും.
സികെ ജാനു എൻഡിഎക്ക് വേണ്ടി മത്സരിക്കാൻ പണം ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. അത് തന്നെ അംഗീകരിക്കാൻ കഴിയുന്നതല്ല. പത്ത് കോടി പെട്ടെന്ന് പത്ത് ലക്ഷം ആയി. സികെ ജാനു തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്.
ആരോ ഒരാളുടെ ശബ്ദരേഖയെന്ന് പറഞ്ഞ് ആക്ഷേപിക്കുമ്പോൾ കേരളത്തിലെ ആദിവാസി വിഭാഗങ്ങളേയും അവർക്ക് വേണ്ടി സികെ ജാനു നടത്തിയ പോരാട്ടങ്ങളെയും ആണ് അപമാനിക്കുന്നതെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.