കോവിഡ് മഹാമാരിക്കിടയിലും പ്രകൃതിയ്‌ക്കൊരു തണലൊരുക്കാന്‍ ജൈവ വൈവിധ്യ ആഘോഷങ്ങളൊരുക്കി നാടും നഗരവും. വരും തലമുറയ്ക്കും സുരക്ഷിതമായ ആവാസ വ്യവസ്ഥയൊരുക്കേണ്ടതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ലോക പരിസ്ഥിതി ദിനാചരണത്തില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളുമെല്ലാം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രചാരകരായി.
വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവത്കരണ വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം വൃക്ഷത്തൈ നട്ട് ടി. സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രകൃതിയെ മലിനപ്പെടുത്തുന്ന പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്വ സമീപനം ഉണ്ടാക ണമെന്നും ഭൂമിയുടെ അവകാശം എല്ലാ ജീവജാലങ്ങള്‍ക്കും തുല്യമാണെ ന്നുള്ള ചിന്ത ആവശ്യമാണെന്നും എം.എല്‍.എ പറഞ്ഞു.
കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂളില്‍ ചടങ്ങില്‍ കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നസീമ, ഡി.എല്‍.എസ്.എ സെക്രട്ടറി സബ്ജഡ്ജ് കെ. രാജേഷ്, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്ര ബാബു, സൗത്ത് വയനാട് ഡി.എഫ്.ഒ രജ്ഞിത്ത് കുമാര്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി. ഹരിലാല്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.