രാജ്യത്ത് കൊവിഡ് അതിവ്യാപനത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം. ആദ്യമായി കണ്ടെത്തിയ ബി.1.617.2 എന്ന ഡെല്‍റ്റാ വകഭേദത്തിനാണ് ജനിതകമാറ്റം സംഭവിച്ചത്. ഡെല്‍റ്റ പ്ലസ് എന്നാണ് പുതിയ വകഭേദം അറിയപ്പെടുന്നത്.
പുതിയ വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ 7 വരെ 6 പേരില്‍ ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തി. കൊവിഡ് രോഗികള്‍ക്ക് നല്‍കുന്ന മോണോക്ലോണല്‍ ആന്റിബോഡി മിശ്രിതം ഡെല്‍റ്റ പ്ലസിനെതിരെ ഫലപ്രദം ആകില്ലെന്ന വിദഗ്ധരുടെ അഭിപ്രായം ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മുക്കാല്‍ ലക്ഷത്തില്‍ താഴെ എത്തി. 24 മണിക്കൂറിനിടെ 70,421 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 72 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കൊവിഡ് ബാധിച്ച് ഇന്നലെ 3921 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 10 ലക്ഷത്തില്‍ താഴെയായി.
രണ്ടാം തരംഗം കനത്ത ആഘാതമാണ് രാജ്യത്ത് ഉണ്ടാക്കിയത്. പ്രതിവാര മരണനിരക്ക് 19 ശതമാനവും കൂടി. ഏപ്രില്‍ ഒന്നിനു ശേഷം രണ്ട് ലക്ഷത്തിലധികം മരണം രണ്ടാം തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. 1.8 ലക്ഷം മരണം രേഖപ്പെടുത്തിയത് മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ്. ഡെത്ത് ഓഡിറ്റിലൂടെ സംസ്ഥാനങ്ങള്‍ പുതുക്കിയ കണക്ക് പുറത്തുവിട്ടതാണ് മരണസംഖ്യ വര്‍ധിക്കാന്‍ കാരണം.