ഇടുക്കി: പുലി കെണിയില്‍ കുടുങ്ങി ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പിന്നാമ്പുറ കഥ തേടിപ്പോയ വനപാലകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് പശുവിനെ കൊന്നതിന് പുലിയെ കൊന്നു പക വീട്ടിയ ജീവിതത്തിലെ പുലിമുരുകന്റെ കഥ. കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനില്‍ സെപ്തംബര്‍ എട്ടിന് നാലു വയസുള്ള പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായത് ഒന്നര വര്‍ഷത്തോളം ഈ പുലിയെ വകവരുത്താന്‍ കാത്തിരുന്ന
എ.കുമാര്‍ എന്ന 34 കാരന്‍.
ജീവനോടെ കെണിയില്‍ പെട്ട പുലിയെ കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു കുമാര്‍. വനപാലകരോട് അയല്‍വാസികള്‍ കുമാറിന്റെ പ്രതികാരത്തിന്റെ കഥ പറഞ്ഞതോടെയാണ് പുലി കൊല്ലപ്പെട്ടതിന്റെയും പുലിമുരുകന്‍ ലക്ഷ്യം നേടിയതിന്റെയും കഥ ചുരുളഴിഞ്ഞത്. സ്വന്തം പശുവിനെ കൊന്നു തിന്ന പുലിയെ ഒന്നരവര്‍ഷം കാത്തിരുന്ന് ആയിരുന്നു കുമാര്‍ പ്രതികാരം ചെയ്തത്. മൂന്നാര്‍ കണ്ണന്‍ ദേവന്‍ കമ്പനി കന്നിമല എസ്‌റ്റേറ്റ് ലോവര്‍ ഡിവിഷനിലെ എ കുമാര്‍ ഇപ്പോള്‍ വനം വകുപ്പിന്റെ കസ്റ്റഡിയിലാണ്.
ഒന്നര വര്‍ഷം മുമ്പ് കുമാറിന്റെ ഏക വരുമാനമാര്‍ഗ്ഗം കൂടിയായിരുന്നു ഓമനിച്ചു വളര്‍ത്തിയിരുന്ന പശുവിനെ പുലി കൊന്നു തിന്നത്. പറമ്പില്‍ മേയാന്‍ വിട്ട സമയത്താണ് പശുവിനെ പുലി വകവരുത്തിയത്. അതിന് ശേഷം പുലിയെ പിടികൂടുമെന്നും പ്രതികാരം ചെയ്യുമെന്നും കുമാര്‍ പതിവായി പറഞ്ഞിരുന്നു. ഇതോടെയാണ് പുലിയെ വീഴ്ത്താന്‍ ഇയാള്‍ കെണിവെച്ച് കാത്തിരിക്കാന്‍ തുടങ്ങിയത്. അവിചാരിതമായി കഴിഞ്ഞ ദിവസം പുലി കെണിയില്‍ വീണു. കത്തികൊണ്ട് കുത്തിയും വെട്ടിയും പുലിയുടെ കഥകഴിക്കുകയും ചെയ്തു. മറ്റാരും കാണാതെ മിക്ക ദിവസങ്ങളിലും കെണിയുടെ അടുത്തു പോയി പരിശോധിക്കുമായിരുന്നു എന്നാണ് കുമാര്‍ വനപാലകരുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.