സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് രാഹുലിന്റെ മുന്നേറ്റം. മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ എന്‍ഗെയ്ജ്മെന്‍റ് ഉണ്ട് നിലവില്‍ രാഹുലിന്‍റെ പേജിന്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണിത്.
ലൈക്ക്, കമന്‍റ്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ഗെയ്ജ്മെന്‍റ് നിര്‍ണയിക്കുന്നത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ഒരാഴ്ചത്തെ കണക്ക് അനുസരിച്ച് മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ 40 ശതമാനം എന്‍ഗെയ്ജ്മെന്‍റ് കൂടുതലുണ്ട് രാഹുലിന്‍റെ പേജിന്. ഫേസ് ബുക്ക് അനലറ്റിക്സ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് ഈ കണക്ക് പുറത്തുവിട്ടത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബർ 2 വരെ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റുകള്‍ക്ക് 13.9 മില്യണ്‍ എന്‍ഗെയ്ജ്മെന്‍റാണ് ലഭിച്ചത്. ഇതേ കാലയളവില്‍ മോദിയുടെ പേജിലെ എന്‍ഗെയ്ജ്മെന്‍റ് 8.2 മില്യണ്‍ മാത്രമായിരുന്നു.
അഞ്ച് ഫേസ് ബുക്ക് പേജുകളുടെ വരെ അനലറ്റിക്സ് നിരീക്ഷിക്കാം. രാഹുലിന്‍റെതും മോദിയുടേതും കൂടാതെ ബിജെപി, കോണ്‍ഗ്രസ്, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുടെ പേജുകളുടെയും അനലറ്റിക്സ് വിലയിരുത്തലിന് ഉപയോഗിച്ചെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.