പ്രവാസികൾക്ക് ആശ്വാസത്തിന്റെയും സന്തോഷത്തിന്റേയു ദിനങ്ങളാണ് ഓരോ പൊതു അവധികളും സമ്മാനിക്കാറുള്ളത്. യു.എ.ഇയിൽ ഡിസംബർ ആദ്യവാരത്തിൽ ഒന്നു മുതൽ നാലുവരെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള നീണ്ട പൊതു അവധി ലഭിക്കും.
എന്നാൽ അതിനു മുൻപുതന്നെ, 2023ലെ പൊതു അവധി ദിനങ്ങളും കാബിനറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതു-സ്വകാര്യ മേഖലകളിലുള്ളവർക്ക് ഏകീകൃതമായാണ് പൊതു അവധി ദിനങ്ങൾ ലഭിക്കുക.
സർക്കാർ അറിയിച്ചതു പ്രകാരം, ആദ്യമായി ഗ്രിഗോറിയൻ പുതുവർഷാരംഭത്തോടനുബന്ധിച്ച് ജനുവരി 1 ന് പൊതു അവധി ലഭിക്കും. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് റമദാൻ 29 മുതൽ ശവ്വാൽ 3 വരെയാണ് അടുത്ത പൊതുഅവധി ലഭിക്കുക. വലിയ പെരുന്നാൾ അവധി ദുൽഹിജ്ജ 9ന് ആരംഭിച്ച് 12 വരെ നീണ്ടു നിൽക്കും.
ഹിജ്‌റ വർഷാരംഭത്തിന്റെ ഭാഗമായി ജൂലൈ 21 നും പൊതു അവധി ലഭിക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 നും യു.എ.ഇ ദേശീയ ദിനം പ്രമാണിച്ച് ഡിസംബർ 2 മുതൽ 3 വരെയും അവധി ലഭിക്കും
വാരാന്ത്യത്തോട് തൊട്ടടുത്താണ് ഈ പറയപ്പെട്ട ദിവസങ്ങൾ വരുന്നതെങ്കിൽ അവധി ദിനങ്ങളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്. മേൽ പരാമർശിച്ച പല അവധി ദിനങ്ങളും ഹിജ്‌രി-ഇസ്‌ലാമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതതു മാസങ്ങളിലെ ചന്ദ്രദർശനത്തെ ആശ്രയിച്ചായിരിക്കും അവയുടെ അനുബന്ധ ഗ്രിഗോറിയൻ തീയതികൾ നിശ്ചയിക്കുക.








