കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തിലെ പരാതിക്കാരി ഹര്‍ഷിന ആരോഗ്യവകുപ്പിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, പുതിയ അന്വേഷണം പ്രഖ്യാപിച്ച് ഒരു മാസം കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് ഹര്‍ഷിനയുടെ തീരുമാനം.
കഴിഞ്ഞ സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കത്രിക പുറത്തെടുത്തത്. സംഭവം വാര്‍ത്തയായതോടെ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. മൂന്നംഗ സമിതിയെ നിയോഗിച്ചാണ് വിശദമായ മൊഴിയുള്‍പ്പെടെ രേഖപ്പെടുത്തിയത്. പക്ഷേ അന്വേഷണ റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല.
കഴിഞ്ഞമാസം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സ തേടിയ ഹര്‍ഷിന ആശുപത്രിയില്‍ വെച്ച് പ്രതിഷേധം ഉയര്‍ത്തിയതോടെ വീണ്ടും ആരോഗ്യ വകുപ്പ് ഇടപെട്ടു. ആദ്യ അന്വേഷണത്തില്‍ വ്യക്തതയില്ലെന്നും ശാസ്ത്രീയ അന്വേഷണം നടത്തി എത്രയും വേഗം നീതി ഉറപ്പാക്കും എന്ന് ആരോഗ്യമന്ത്രി തന്നെ ഹര്‍ഷിനയ്ക്ക് ഉറപ്പും നല്‍കി. എന്നാല്‍ രണ്ടാമത്തെ അന്വേഷണം പ്രഖ്യാപിച്ച് മാസം ഒന്നു കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് ഒരു ഫോണ്‍ കോള്‍ പോലും പിന്നീട് ഉണ്ടായില്ലെന്നാണ് ഹര്‍ഷിന പറയുന്നത്. പിഴവിന് കാരണക്കാരയവരെ രക്ഷിക്കാനുള്ള നീക്കം ആണ് നടക്കുന്നതെന്നും ഹര്‍ഷിന പറയുന്നു.
ആരോഗ്യവകുപ്പില്‍ വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് പന്തീരങ്കാവ് പോലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലേക്ക് ഹര്‍ഷിന എത്തിയത്.








