വാഷിങ്ടണ്‍ : ദിവസവും അരമണിക്കൂര്‍വെച്ച് ആഴ്ചയില്‍ അഞ്ചുദിവസം (ആഴ്ചയില്‍ 150 മിനിറ്റ്) ലഘുവായ വ്യായാമങ്ങളില്‍ മുഴുകുന്നത് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവറുള്ളവര്‍ക്ക് ഗുണകരമാണെന്ന് ഗവേഷകര്‍. വേഗത്തിലുള്ള നടത്തമോ സൈക്കിള്‍ ചവിട്ടുന്നതോ പോലെയുള്ള ലഘുവായ ആക്ടിവിറ്റികളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. പെന്‍ സ്റ്റേറ്റ് കോളേജ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് പ്രസ്തുത വിഷയത്തില്‍ പഠനം നടത്തിയത്. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമന്‍ സര്‍വീസസ് നിര്‍ദേശിക്കുന്ന സമയമാണ് 150 മിനിറ്റ് എന്നത്.
മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ ഉള്ളവരുടെ കരളിലെ കൊഴുപ്പ് വ്യയാമം ചെയ്യുന്നതുമൂലം കുറയുമെന്ന് മുന്‍പഠനങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും എത്ര സമയം ചെയ്യണമെന്നതിനെക്കുറിച്ച് ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. ഇത്തരക്കാര്‍ക്ക് ഒരു ചികിത്സാരീതി എന്ന രീതിയില്‍ത്തന്നെ വ്യായാമത്തെ നിര്‍ദേശിക്കാനുള്ള ഉറപ്പ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നതാണ് ഇപ്പോഴത്തെ തങ്ങളുടെ കണ്ടുപിടുത്തമെന്ന് മുഖ്യഗവേഷകന്‍ ജോനാഥന്‍ സ്‌റ്റൈന്‍ വ്യക്തമാക്കി.
ലോകജനസംഖ്യയുടെ 30 ശതമാനത്തിലധികമാളുകളെ കീഴടക്കിയ അസുഖമാണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. ഇത് മൂര്‍ഛിച്ചാണ് ലിവര്‍ സിറോസിസായി മാറുന്നത്. വ്യായാമം ഒരു ശീലമാക്കുന്നത് ഇത്തരക്കാരുടെ ലിവര്‍ ഫാറ്റ് കുറയ്ക്കുന്നതിനും ശാരീരിക ദൃഢതയും ജീവിതനിലവാരവും ഉയര്‍ത്തുന്നതിനും സഹായിക്കുമെന്നും സ്റ്റൈന്‍ പറഞ്ഞു.
ഗവേഷണത്തിന്റെ ഭാഗമായി മൊത്തം 14 പഠനങ്ങൾ സംഘം നടത്തിയിരുന്നു. 551 രോഗികളാണ് പങ്കെടുത്തത്. ഇവരെ പ്രായം, തൂക്കം, സെക്‌സ് എന്നിങ്ങനെ പല ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ തരംതിരിച്ചുകൊണ്ട് വ്യത്യസ്ത ആക്ടിവിറ്റികളില്‍ പങ്കാളികളാക്കി. പരീക്ഷണങ്ങള്‍ക്കൊടുവില്‍ 39 ശതമാനം രോഗികളും അഭിപ്രായപ്പെട്ടത് 150 മിനിട്ട് നേരം വേഗത്തില്‍ നടക്കുന്നതാണ് ഫാറ്റി ലിവറിന്റെ ചികിത്സയ്ക്ക് കൂടുതല്‍ ഗുണകരമാകുന്നതെന്നാണ്. 26 ശതമാനം ആളുകള്‍ അല്പം കൂടി ഡോസ് കുറഞ്ഞ വ്യായമങ്ങളാണ് സഹായകരമായത് എന്നും അഭിപ്രായപ്പെട്ടതായും ജോനാഥന്‍ സ്‌റ്റൈന്‍ അറിയിച്ചു.