അഘോരി പൂജ നടത്തുന്നതിനായി തന്‍റെ ആര്‍ത്തവ രക്തം ശേഖരിച്ചു വിറ്റുവെന്ന പരാതിയുമായി 27 കാരിയായ യുവതി. ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെയാണ് യുവതി പരാതി നല്‍കിയത്.
പൂനെയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.പ്രതികൾ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ളവരാണെന്ന് വിശ്രാന്തവാഡി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.2019 ജൂൺ മുതൽ പ്രതികൾ ശാരീരികവും മാനസികവുമായ പീഡനത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.
2022 ലെ ഗണേശോത്സവത്തിൽ അഘോരി പൂജ നടത്താനായി പ്രതി ബലം പ്രയോഗിച്ച് തന്‍റെ ആർത്തവ രക്തം എടുത്തെന്നാണ് ഇരയുടെ ആരോപണം.
ബീഡ് ജില്ലയിലെ യുവതിയുടെ അമ്മായിഅമ്മയുടെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്. തുടര്‍ന്ന് യുവതി പൂനെയിലെ മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ ശേഷം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ ഞങ്ങൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എല്ലാ പ്രതികൾക്കെതിരെയും തുടർ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പെലീസ് സബ് ഇൻസ്പെക്ടർ ശുഭാംഗി മഗ്ദും പറഞ്ഞു.
ഇത് ഗൗരവമുള്ള കുറ്റകൃത്യമാണെന്ന് മഹാരാഷ്ട്രയിലെ വനിത കമീഷൻ പറഞ്ഞു. “മാനവികതയെ കളങ്കപ്പെടുത്തുന്ന ലജ്ജാകരമായ സംഭവമാണിത്.
പൂനെ പോലുള്ള പുരോഗമന നഗരങ്ങളിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഇപ്പോഴും തുടരുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും” -സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ രൂപാലി ചകാങ്കർ പറഞ്ഞു.








