ഈ കഴിഞ്ഞ ഏപ്രിൽ 22നായിരുന്ന കന്നഡ ടെലിവിഷൻ താരം സമ്പത്ത് ജെ. റാമിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അവസരങ്ങൾ കിട്ടാത്തതാണ് നടനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തു വന്ന റിപ്പോർട്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.
ഇപ്പോഴിതാ നടന്റെ വിയോഗത്തെ കുറിച്ച് അടുത്ത സുഹൃത്തും സഹനടനുമായ രാജേഷ് ധ്രുവ് പറഞ്ഞ വാക്കുകൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്. ഭാര്യയെ ഭയപ്പെടുത്താൻ ചെയ്തതാണ് നടന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്നാണ് രാജേഷ് പറയുന്നത്. സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘അന്ന് രാത്രി ഇരുവർക്കുമിടയിൽ ചെറിയ തർക്കം നടന്നിരുന്നു. ഭാര്യയെ പേടിപ്പിക്കുന്നതിന് വേണ്ടി തൂങ്ങുന്നത് പോലെ പ്രാങ്ക് ചെയ്തതാണ്, നിർഭാഗ്യവശാൽ അത് കാര്യമായി’- രാജേഷ് പറഞ്ഞു.
കൂടാതെ നടന്റെ വിയോഗവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും നടൻ കൂട്ടിച്ചേർത്തു. സമ്പത്തിന്റെ വേർപാട് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. ആ ഞെട്ടലാണ് കന്നഡ സിനിമാലോകം- രാജേഷ് കൂട്ടിച്ചേർത്തു.