തിരുവനന്തപുരം: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു. നവംബർ നാലിന് പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് ചില വാട്സ് ആപ്പ് ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്നത്. കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞതായാണ് സന്ദേശത്തിൽ പറയുന്നത്. എന്നാൽ, മന്ത്രിയോ സർക്കാർ വൃത്തങ്ങളോ ഇതുസംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല.
പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. എന്നാൽ, ഇത് എത്രയാണെന്നോ, എപ്പോൾ നടപ്പിലാക്കുമെന്നോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ‘ഇക്കാര്യത്തിൽ ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ്’ പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ അഭ്യൂഹങ്ങൾ പടച്ചുവിടുന്നത്.
ഇതിനോടകം വിവാഹം ഉറപ്പിച്ചുവെച്ച 18 വയസ്സ് തികഞ്ഞ എന്നാൽ, 21ന് താഴെ പ്രായമുള്ളവരുടെ കുടുംബങ്ങളാണ് ആശങ്കയിലായത്. പ്രായം ഉയർത്തിയാൽ വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്നതാണ് ഇവരെ അലട്ടുന്നത്. നിലവില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ഉം പുരുഷന്മാരുടേത് 21ഉം ആണ്. ഇത് പുതുക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സാമൂഹ്യപ്രവർത്തക ജയ ജയ്റ്റ്ലി അധ്യക്ഷയായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് തീരുമാനമെടുക്കുക.
മാതൃമരണ നിരക്ക് കുറക്കുക, ഗര്‍ഭകാലത്തെ ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കുക, വിളര്‍ച്ചയും പോഷകാഹാരക്കുറവും ഇല്ലാതാക്കുക എന്നിവയാണ് വിവാഹപ്രായം ഉയര്‍ത്തുന്നതിന്റെ ലക്ഷ്യമായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് പെണ്‍കുട്ടികളുടെ ചെറുപ്രായത്തിലെ വിവാഹത്തിന് കാരണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.