ഈ കാലഘട്ടത്തിൽ മിക്കവരും സാധങ്ങൾ വാങ്ങാനും സമ്മാനം നൽകാനുമെല്ലാം ഓൺലൈൻ ഷോപ്പിങ്ങിനെയാണ് ആശ്രയിക്കുന്നത്. വളരെ എളുപ്പത്തിൽ വിരൽ തുമ്പിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ സാധിക്കുന്നത് കൊണ്ടുതന്നെയാണ് ഓൺലൈൻ ഷോപ്പിങ് ആളുകൾക്ക് ഇത്ര പ്രിയപെട്ടതായത്. ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നതിൽ വളരെയധികം സമയവും പണവും ചെലവഴിക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഓൺലൈൻ ഷോപ്പിംഗിനിടെ നടക്കുന്ന തട്ടിപ്പുകളും ഗുണമേന്മ ഇല്ലാത്ത സർവീസുകളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ട്.
2019-ൽ ഓർഡർ ചെയ്ത ഉത്‌പന്നം നാല് വർഷത്തിന് ശേഷം ലഭിച്ച നിതിൻ അഗർവാൾ എന്ന ചെറുപ്പക്കാരന്റെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നിതിൻ ജനപ്രിയ ചൈനീസ് വെബ്‌സൈറ്റായ അലി എക്‌സ്പ്രസിൽ ഒരു ഓർഡർ നൽകി. നാല് വർഷത്തിന് ശേഷം ആ ഓർഡർ ലഭിച്ചിരിക്കുകയാണ്.
ടിക് ടോക്കിനൊപ്പം കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിരോധിച്ച വെബ്‌സൈറ്റുകളിൽ ഒന്നാണ് അലി എക്‌സ്പ്രസ്. കുറഞ്ഞ വിലയ്ക്ക് ഈ വെബ്സൈറ്റുകളിൽ നിന്ന് പതിവായി ഓർഡർ ചെയ്യുന്ന ആളുകളുണ്ട്. എന്നാൽ നാല് വർഷത്തിന് ശേഷം ഒരു ഓർഡർ ലഭിക്കുന്നത് ഒരു അത്ഭുതം തന്നെയാണ്.
“ഒരിക്കലും പ്രതീക്ഷ കൈവിടരുത്! ഞാൻ 2019-ൽ അലി എക്‌സ്പ്രസിൽ നിന്ന് (ഇപ്പോൾ ഇന്ത്യയിൽ നിരോധിച്ചിരിക്കുന്നു) ഓർഡർ ചെയ്ത പാഴ്സൽ ഇന്ന് ഡെലിവർ ചെയ്തു,” എന്ന അടികുറിപ്പോടെയാണ് നിതിൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്നാണ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായത്. പോസ്റ്റിന് താഴെ ആളുകൾ തങ്ങളുടെ സമാനമായ അനുഭവങ്ങളും പങ്കുവെച്ചു.