മലപ്പുറം : അനാമികയ്ക്ക് സ്കൂളില്‍ പോകാന്‍ യൂണിഫോം പുറത്ത് തയ്ക്കാന്‍ കൊടുക്കേണ്ട ആവശ്യമില്ല, അനാമിക സ്വന്തമായി തയ്ച്ചെടുക്കും. സ്വന്തമായി തയ്ച്ചെടുത്ത യൂണിഫോം ധരിച്ചാണ് ഈ അഞ്ചാം ക്ലാസുകാരിയുടെ സ്കൂളില്‍ പോക്ക്.
അനാമിക യൂണിഫോം തയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ നാട്ടിലും സ്കൂളിലും താരമാണ് അനാമിക.
മലപ്പുറം അണ്ണക്കമ്പാട് വെറൂർ എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനാമിക. അനാമിക യൂണിഫോം തയ്ക്കുന്ന വിഡിയോ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും പങ്കുവച്ചു കഴിഞ്ഞു. ഈ വിശാല ലോകത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ നൈപുണ്യ ശേഷി ഉള്ളവർ ആയി തന്നെ വളരണം എന്നു കുറിച്ചാണ് വിദ്യാഭ്യാസ മന്ത്രി അനാമികയുടെ വിഡിയോ പങ്കുവച്ചത്. ഇരുന്നാല്‍ തയ്യല്‍ മെഷീനില്‍ കാല് എത്താത്തതിനാല്‍ നിന്നുകൊണ്ടാണ് അനാമിക തയ്ക്കുന്നത്.
‘അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അനാമികയ്ക്ക് എന്റെ അഭിനന്ദനം. അത് മറ്റൊന്നും കൊണ്ട് അല്ല, ഒരു നൈപുണ്യശേഷി കൈവരിച്ചതിന്. ഈ വിശാല ലോകത്തിൽ നമ്മുടെ കുഞ്ഞുങ്ങൾ നൈപുണ്യ ശേഷി ഉള്ളവർ ആയി തന്നെ വളരണം’; വിദ്യാഭ്യാസ മന്ത്രി കുറിച്ചു.