മുതല കടിച്ചെടുത്ത് നദിയിലേക്ക് മറഞ്ഞു; ഫുട്ബാൾ താരത്തിന് ദാരുണാന്ത്യം

കോസ്റ്ററിക്കയിൽ ഫുട്ബാൾ താരത്തിന് മുതലയുടെ ആക്രമണത്തിൽ ദാരുണാന്ത്യം. 29കാരനായ ജീസസ് അൽബെർട്ടോ ലോപ്പസ് ഒർട്ടിസാണ് കൊല്ലപ്പെട്ടത്.

നദിയിൽ നീന്തൽ വ്യായാമത്തിനിടെ മുതല ആക്രമിക്കുകയായിരുന്നു. കോസ്റ്ററിക്കൻ തലസ്ഥാനമായ സാൻ ജോസിൽനിന്ന് 140 മൈൽസ് അകലെയുള്ള സാന്‍റ ക്രൂസിലെ കനാസ നദിയിൽ നീന്തുന്നതിനിടെയാണ് മുതല ആക്രമിക്കുന്നത്. അമേച്വർ ക്ലബായ ഡിപോർട്ടീവോ റിയോ കനാസിന്‍റെ താരമാണ് ഓർട്ടിസ്. സമൂഹമാധ്യമങ്ങളിലൂടെ ക്ലബ് താരത്തിന്‍റെ മരണ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

ആളുകൾ നോക്കിനിൽക്കെയാണ് താരത്തെ കടിച്ചുവലിച്ച് മുതല നദിയിലേക്ക് മറഞ്ഞത്. നദിയിൽ മുതലകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇവിടേക്ക് സഞ്ചാരികളെ കടത്തിവിട്ടിരുന്നില്ല. മുതലയെ വെടിവെച്ച് കൊന്നാണ് താരത്തിന്‍റെ മൃതദേഹം വീണ്ടെടുത്തത്. അഗാധമായ ദുഃഖത്തോടെയാണ് ഞങ്ങളുടെ പ്രിയതാരം ജീസസ് ലോപ്പസ് ഒർട്ടിസിന്റെ മരണം ഞങ്ങൾ അറിയിക്കുന്നതെന്ന് ക്ലബ് പ്രസ്താവനയിൽ അറിയിച്ചു.

‘ഇന്ന് ഞങ്ങൾക്കെല്ലാവർക്കും വളരെ പ്രയാസമുള്ളൊരു ദിവസമാണ്, ഒരു പരിശീലകൻ, കളിക്കാരൻ, ഒരു കുടുംബാംഗം എന്നീ നിലകളിൽ ഞങ്ങൾ നിങ്ങളെ ഓർക്കും. എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ടാകും’ -പ്രസ്താവനയിൽ പറയുന്നു.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.