മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഈ മാസം പിടികൂടിയത് 2.80 കോടിയുടെ സ്വർണവും 19.60 ലക്ഷം രൂപ വില വരുന്ന 14 ഐ ഫോണുകളും 3.12 ലക്ഷത്തിന്റെ നിരോധിത സിഗരറ്റുകളും. നാല് കേസുകളിലായാണ് സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.
2.80 കോടി രൂപയുടെ 4527 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വർണമാണ് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ഐ ഫോൺ 15 പ്രോ മാക്സ് (250 ജി.ബി) 14 എണ്ണം ഒരുമിച്ച് കടത്താനായിരുന്നു ശ്രമം. 130 കാർട്ടനുകളിലായി ചെക്ക് ഇൻ ബാഗേജുകൾക്കിടയിൽ കൊണ്ടുവരാൻ ശ്രമിച്ച 3.14 ലക്ഷം രൂപ വില മതിക്കുന്ന ഇ.എസ്.എസ്.ഇ സിഗരറ്റുകൾ 26,000 എണ്ണമാണ് പിടിച്ചത്.
ശരീരത്തിൽ ഒളിപ്പിക്കുന്നതിന് പുറമെ വസ്ത്രത്തിന്റെ ഏതെങ്കിലും ഭാഗത്തുള്ള പാളികൾക്കിടയിൽ സ്വർണം ഒളിപ്പിച്ച് കടത്തുന്ന പ്രവണതയും ഏറിയിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതൽ 15 വരെയുള്ള കള്ളക്കടത്തിന്റെ കണക്കുകളാണ് പുറത്തുവിട്ടത്.








