മലയാള സിനിമയിലെ ശ്രദ്ധേയ താരം കനകലത അന്തരിച്ചു.

നടി കനകലത അന്തരിച്ചു. മറവിരോഗവും പാർക്കിൻസണ്‍സും ബാധിച്ച്‌ ചികിത്സയിലായിരുന്നു. 350-ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത.

ചില്ല്, കരിയിലക്കാറ്റുപോലെ, രാജാവിന്റെ മകൻ, ജാഗ്രത, കിരീടം, എന്റെ സൂര്യപുത്രിക്ക്, കൗരവർ, അമ്മയാണെ സത്യം, ആദ്യത്തെ കണ്‍മണി, തച്ചോളി വർഗീസ് ചേകവർ, സ്ഫടികം, അനിയത്തിപ്രാവ്, ഹരികൃഷ്ണൻസ്, മാട്ടുപ്പെട്ടി മച്ചാൻ, പ്രിയം, പഞ്ചവർണതത്ത, ആകാശഗംഗ 2 തുടങ്ങി മലയാളത്തിലും തമിഴിലുമായി 350-ലധികം ചിത്രങ്ങളില്‍ കനകലത അഭിനയിച്ചിട്ടുണ്ട്.

മുപ്പതിലധികം സീരിയലുകളിലും കനകലത വേഷമിട്ടു. പ്രമാണി ഇന്ദുലേഖ, സ്വാതി തിരുനാള്‍ തുടങ്ങിയ നാടകങ്ങളിലും കനക ലത അഭിനയിച്ചിട്ടുണ്ട്.പരമേശ്വരന്‍ പിളളയുടെയും ചിന്നമ്മയുടെയും മകളായി ഓച്ചിറയില്‍ ജനിച്ച കനക ലത 450 ലധികം ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒന്‍പതാം ക്ലാസില്‍ പഠിയ്ക്കുമ്ബോളാണ് കനകലത ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. പി എ ബക്കര്‍ സംവിധാനം ചെയ്ത ഉണര്‍ത്തുപാട്ടായിരുന്നു ആദ്യചിത്രം. എന്നാല്‍ ആ സിനിമ റിലീസായില്ല. തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്റെ ‘ചില്ല്’ എന്ന സിനിമയില്‍ പ്രാധാന്യമുള്ള ഒരു വേഷം കിട്ടിയതോടെയാണ് സിനിമയില്‍ ചുവടുറപ്പിയ്ക്കുന്നത്.

കഴിഞ്ഞ വർഷം സഹോദരി വിജയമ്മ ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കനകലതയുടെ അസുഖ വിവരം വെളിപ്പെടുത്തിയത്. 2021 ഓഗസ്റ്റിലാണ് കനകലതയ്ക്ക് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഉറക്കക്കുറവായിരുന്നു ആദ്യ ലക്ഷണം. ഡോക്ടറെ കണ്ട്, വിശദപരിശോധനയ്ക്ക് വിധേയയായതോടെ ഡിമൻഷ്യയുടെ തുടക്കമാണെന്നും തലച്ചോറ് ചുരുങ്ങുകയാണെന്നും കണ്ടെത്തിയിരുന്നു.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *