തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച് ജനാധിപത്യ പ്രക്രിയയെ നോക്കുകുത്തിയാക്കിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കുന്നതുവരെ പോരാട്ടത്തില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ട് പോകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഭരണകൂട ഭീകരതയുടെ ബാരിക്കേഡുകള്‍ കൊണ്ട് തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതല്ല ഇന്ത്യന്‍ ജനതയുടെ പോരാട്ടവീറെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്ന് ആഞ്ഞടിച്ച ജനരോഷം ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെയുള്ള അതിശക്തമായ താക്കീതാണ്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളെ ഓര്‍മ്മിപ്പിക്കുകയാണ് സംഘപരിവാര്‍ നേതൃത്വം നല്‍കുന്നകേന്ദ്ര സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. ലാത്തി കൊണ്ടോ, തടവറ കൊണ്ടോ, നിരോധനാജ്ഞ കൊണ്ടോ ജനതയുടെ ഇച്ഛാശക്തിയെ അടിച്ചമര്‍ത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണെന്നും ഭയത്തിന്റെ മതിലുകള്‍ തകര്‍ത്ത് രാജ്യത്തിന്റെ വീണ്ടെടുപ്പിനായി തെരുവിലിറങ്ങിയ യുവത്വം ഈ രാജ്യത്തിന്റെ പ്രതീക്ഷാ നാളമാണെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു

