സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയ കാലിക്കറ്റ്, നാല് മത്സരങ്ങളിൽനിന്ന് 11 പോയന്റുമായി പട്ടികയുടെ തലപ്പത്ത് തുടരുന്നു. ഒരു മണിക്കൂറോളം പത്തുപേരുമായി കളിച്ചിട്ടും പ്രതിരോധത്തിലെ അച്ചടക്കവും പോരാട്ടവീര്യവും കൈവിടാതെയാണ് കാലിക്കറ്റ് വിജയം പിടിച്ചെടുത്തത്. ഫെഡറിക്കോ ബുവാസോയുടെ ഗോളാണ് മത്സരത്തിൽ നിർണായകമായത്. നാല് മത്സരങ്ങളിൽ ഏഴ് പോയന്റുള്ള കണ്ണൂർ വാരിയേഴ്‌സ് മൂന്നാം സ്ഥാനത്താണ്.
ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കളി താളം പിടിക്കുംമുമ്പേ കാലിക്കറ്റിന് ആദ്യ മാറ്റം വേണ്ടിവന്നു. 11-ാം മിനിറ്റിൽ ഡിഫൻഡർ അലക്സിസ് സോസ പരിക്കേറ്റ് മടങ്ങി. മുഹമ്മദ് റിയാസ് പകരക്കാരനായി ഇറങ്ങി. മാറ്റം കളിയുടെ ഒഴുക്കിനെ ബാധിക്കാതെ കാലിക്കറ്റ് പന്തടക്കത്തിലും സംഘടിത മുന്നേറ്റങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 15-ാം മിനിറ്റിൽ അതിന്റെ ഫലം കണ്ടു. ബോക്സിന് പുറത്തുനിന്ന് ഫെഡറിക്കോ ബുവാസോ തൊടുത്ത താഴ്ന്ന ഷോട്ട് കണ്ണൂരിന്റെ വലയിൽ. കാലിക്കറ്റ് 1–0ന് മുന്നിൽ.

