സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു; ഒരാഴ്ചയ്ക്കിടെ വർധിച്ചത് രണ്ട് രൂപയോളം; തീറ്റവിലയും ഉൽപാദനച്ചെലവും വർധിച്ചു..!

Advertisement
Featured Image

സംസ്ഥാനത്ത് കോഴിമുട്ടയുടെ വിലയിൽ വലിയ വർധന. ഒരാഴ്ചയ്ക്കിടെ ഒരു മുട്ടയ്ക്ക് രണ്ട് രൂപയോളമാണ് വർധിച്ചിരിക്കുന്നത്. നിലവിൽ വിപണിയിൽ ഒരു കോഴിമുട്ടയ്ക്ക് എട്ട് രൂപയാണ് വില ഈടാക്കുന്നത്. ക്രിസ്മസ്, പുതുവത്സര സീസൺ അടുത്തെത്തിയതോടെ വരും ദിവസങ്ങളിലും മുട്ടവില ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ.ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി ബേക്കറികളും മറ്റും വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നത് വില വർധനവിന് ആക്കം കൂട്ടിയിട്ടുണ്ട്. ഉത്സവ സീസണിൽ ആവശ്യകത ഇനിയും ഉയരാൻ സാധ്യതയുള്ളതിനാൽ പെട്ടെന്ന് വില കുറയാൻ ഇടയില്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

​


കോഴിത്തീറ്റയുടെ വില വൻതോതിൽ ഉയർന്നതാണ് മറ്റൊരു പ്രധാന കാരണം. നേരത്തെ 1800 മുതൽ 2000 രൂപ വരെ വിലയുണ്ടായിരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോൾ 2760 രൂപ വരെയായി വർധിച്ചിട്ടുണ്ട്.

​

കോഴിത്തീറ്റയുടെ പ്രധാന ഘടകമായ ചോളത്തിന്റെ ലഭ്യതക്കുറവും പ്രതിസന്ധിയായിട്ടുണ്ട്. എത്തനോൾ നിർമാണത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ കോഴിത്തീറ്റ നിർമാണത്തിന് ആവശ്യമായ ചോളം ലഭ്യമല്ലാതായി. ഇത് തീറ്റവിലയും അതുവഴി ഫാമുകളിലെ ഉൽപാദനച്ചെലവും കുത്തനെ ഉയർത്തി.


ഉൽപാദനച്ചെലവിലുണ്ടായ വർധനയും വിപണിയിലെ ഉയർന്ന ആവശ്യകതയുമാണ് കോഴിമുട്ടയുടെ വില റെക്കോർഡിലേക്ക് ഉയരാൻ കാരണമെന്ന് വ്യാപാരികൾ. സാധാരണക്കാരുടെ അടുക്കള ബജറ്റിനെ താളംതെറ്റിക്കുന്നതാണ് ഈ വിലക്കയറ്റം.

Advertisement

Related News