കൽപ്പറ്റ വൈ.എം.സി.എയിൽ അഖിലലോക പ്രാർത്ഥനാവാരത്തിന് തുടക്കമായി

Advertisement
Featured Image

വൈ.എം.സി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഖിലലോക പ്രാർത്ഥനാവാരത്തിന് കൽപ്പറ്റ വൈ.എം.സി.എയിൽ തുടക്കമായി. നവംബർ 8 മുതൽ 14 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രാർത്ഥനാവാരം "ഇത്തരമൊരു കാലഘട്ടത്തിനായി നാം വിളിക്കപ്പെട്ടിരിക്കുന്നത്" (Called for Such a Time as This) എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് സംഘടിപ്പിക്കുന്നത്.


പ്രാർത്ഥനാവാരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫാ. ഫ്രാൻസൺ ചേരമാൻകുന്നേൽ മാനേജർ ചുണ്ടേൽ എസ്റ്റേറ്റ് നിർവഹിച്ചു. തുടർന്ന് അദ്ദേഹം വചനസന്ദേശം നൽകി. എസ്ഥേർ 4:14-നെ അടിസ്ഥാനമാക്കിയുള്ള ഈ വർഷത്തെ പ്രമേയം, സമകാലിക സമൂഹത്തിലെ വെല്ലുവിളികൾ തിരിച്ചറിഞ്ഞ് ദൈവം ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ധൈര്യത്തോടെയും കരുണയോടെയും നിർവഹിക്കാൻ ഓരോരുത്തരും മുന്നോട്ടുവരണമെന്ന സന്ദേശമാണ് നൽകുന്നത്.


പ്രാർത്ഥന കേവലം വാക്കുകളിലും ആരാധനാ സമ്മേളനങ്ങളിലും ഒതുങ്ങാതെ ജീവിതത്തിലും പ്രവർത്തനങ്ങളിലും പ്രതിഫലിക്കണമെന്നും വിശ്വാസത്തിൽനിന്ന് സേവനത്തിലേക്കും സാമൂഹിക ഉത്തരവാദിത്വത്തിലേക്കും വളരണമെന്നും പ്രാർത്ഥനാവാരത്തിന്റെ സന്ദേശം ഓർമ്മിപ്പിക്കുന്നു. നീതി, സമാധാനം, മനുഷ്യാന്തസ്സ്, യുവജനങ്ങളുടെ ഉന്നമനം, സാമൂഹിക ഐക്യം എന്നിവയ്ക്കായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഈ പ്രമേയം ഉയർത്തിക്കാട്ടുന്നു.


കൽപ്പറ്റ വൈ.എം.സി.എ പ്രസിഡന്റ് പ്രൊഫ. സിബി ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീ കെ ഐ വർഗീസ് സ്വാഗതവും, വൈ.എം.സി.എ സെക്രട്ടറി സി.എച്ച്. സ്റ്റാൻലി നന്ദിയും, വൈ.എം.സി.എ അംഗങ്ങളായ ജോണി പാറ്റാനി, ഡോ. വി എം ജോസ്, ജൂലി സിബി, സൂസൻ വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.


നവംബർ 14 വരെ നീണ്ടുനിൽക്കുന്ന പ്രാർത്ഥനാവാരത്തിൽ പ്രമേയാധിഷ്ഠിതമായ വചനചിന്തകളും പ്രാർത്ഥനകളും ആത്മീയ കൂട്ടായ്മകളും സംഘടിപ്പിക്കും.

Advertisement

Related News