മാനന്തവാടി:കൗമാരപ്രായത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും ലഹരിമുക്തമായ നല്ലൊരു നാളെ കെട്ടിപ്പടുക്കാനുമായി വാളാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ കൗമാര വിദ്യാഭ്യാസ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (SEP) ഭാഗമായാണ് വിദ്യാർത്ഥികൾക്കായി പരിപാടി ഒരുക്കിയത്.
എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി. സജിത്ത്കുമാർ അച്ചൂരാനം സെമിനാർ ഉദ്ഘാടനം ചെയ്ത് ക്ലാസ് നയിച്ചു. കൗമാരപ്രായത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന മാനസിക-ശാരീരിക മാറ്റങ്ങളെ ശരിയായ രീതിയിൽ മനസ്സിലാക്കണമെന്നും, തെറ്റായ പ്രലോഭനങ്ങളിൽ വീഴാതെ ലഹരിമുക്തവും ആരോഗ്യകരവുമായ ജീവിതശൈലി തിരഞ്ഞെടുത്ത് ജീവിതവിജയം നേടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഹെഡ്മിസ്ട്രസ് പി.സ്മിത അധ്യക്ഷത വഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ഷെറി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. അധ്യാപകരായ കെ. സുകുമാരൻ,കെ. ശ്രീലേഖ,വിദ്യാർത്ഥി പ്രതിനിധികളായ ദക്ഷ ബാബു,ആരാധ്യ ബാല എന്നിവർ ആശംസകൾ നേർന്നു.സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം കോർഡിനേറ്റർ വി.പി. ലിഷി നന്ദി രേഖപ്പെടുത്തി.

