ട്രെയിനിൽ ഇനി രാത്രി ഫോൺ ചാർജ് ചെയ്യാനാകില്ല! രാത്രി 11 മുതൽ രാവിലെ 5 വരെ ചാർജിങ് പോയിന്‍റുകൾ ഓഫ് ചെയ്യും

Advertisement
Featured Image

ട്രെയിനുകളിൽ രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കാൻ റെയിൽവേ ബോർഡ് കർശന നിർദേശം നൽകി. ചാർജിങ്ങിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തെ തുടർന്നാണ് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പഴയ നിയമം വീണ്ടും കർശനമാക്കിയത്.

രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ ട്രെയിനുകളിലെ മൊബൈൽ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവയ്ക്കാനുള്ള നിർദേശം കർശനമായി നടപ്പാക്കാൻ റെയിൽവേ ബോർഡ്. ചാർജിങ്ങിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി നേരത്തേ നിലവിലുണ്ടായിരുന്ന നിർദേശം കർശനമായി പാലിക്കണമെന്ന് എല്ലാ മേഖലാ റെയിൽവേകൾക്കും ബോർഡ് നിർദേശം നൽകിയിട്ടുണ്ട്.


ഒക്ടോബർ 28-ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയാണ് റെയിൽവേ ബോർഡിന്റെ നിർദേശത്തെക്കുറിച്ച് വിശദീകരിച്ചത്. ട്രെയിനുകളിലെ ചാർജിങ് പോയിന്റുകൾ നിശ്ചിത സമയത്ത് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇക്കാര്യത്തിൽ വീഴ്ച അനുവദിക്കരുതെന്നും ബോർഡ് നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു.


പവർ ബാങ്ക് പൊട്ടിത്തെറിച്ചത് കാരണം

ട്രെയിനിൽ ചാർജിങ്ങിനിടെ യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിക്കുകയും കോച്ചിൽ പുക നിറയുകയും ചെയ്ത സംഭവമാണ് സുരക്ഷാ നിർദേശം വീണ്ടും കർശനമാക്കാൻ കാരണമായത്. ദക്ഷിണ കിഴക്കൻ റെയിൽവേ മേഖലയിലുണ്ടായ സംഭവത്തിൽ, നിശ്ചിത സമയത്ത് ചാർജിങ് പോയിന്റുകൾ ഓഫ് ചെയ്യുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയതായി റെയിൽവേ ബോർഡ് ചൂണ്ടിക്കാട്ടിയെന്ന് യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. രാത്രി ചാർജിങ് നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകാനും റെയിൽവേ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കൂടാതെ, ഉദ്യോഗസ്ഥരും മേൽനോട്ട ചുമതലയുള്ളവരും അപ്രതീക്ഷിത പരിശോധനകൾ നടത്തണമെന്നും നിർദേശമുണ്ട്.

Advertisement

Related News