തമിഴ്‌നാട്ടിൽ ഓട്ടോ ചാർജ് ഇരട്ടിയായി; മിനിമം നിരക്ക് 50 രൂപ, നിരക്ക് വർധന 13 വർഷങ്ങള്‍ക്ക് ശേഷം

Advertisement
Featured Image

തമിഴ്‌നാട്ടില്‍ ഓട്ടോറിക്ഷാ ചാര്‍ജ് ഉയര്‍ത്തി. മിനിമം ചാര്‍ജ് 25 രൂപയില്‍ നിന്ന് ഇരട്ടിയായി 50 രൂപയാക്കി. ആദ്യത്തെ 1.8 കിലോമീറ്ററിന് 50 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയുമാണ് പുതിയ നിരക്ക്. 2013 ഓഗസ്റ്റില്‍ നിശ്ചയിച്ച നിരക്കുകള്‍ക്കാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഓട്ടോ വെയിറ്റിങ് ചാര്‍ജായി മിനിറ്റിന് ഒരു രൂപയും രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ സാധാരണ നിരക്കിന്റെ ഒന്നര ഇരട്ടിയുമാണ് ഈടാക്കുക. ചുരം റോഡുകളിലെ യാത്രയ്ക്ക് അടിസ്ഥാന നിരക്ക് 60 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 30 രൂപയുമായിരിക്കും.


നിരക്ക് വര്‍ധിപ്പിക്കണമെന്ന ഓട്ടോ തൊഴിലാളി സംഘടനകളുടെ ദീര്‍ഘകാല ആവശ്യത്തെ തുടര്‍ന്നാണ് നടപടി. ഇന്ധനം, ഇന്‍ഷുറന്‍സ്, അറ്റകുറ്റപ്പണി തുടങ്ങിയ ചെലവുകള്‍ വര്‍ധിച്ചതും ആപ്പ് അധിഷ്ഠിത ടാക്‌സി സേവനങ്ങളില്‍ നിന്നുള്ള മത്സരവുമാണ് നിരക്ക് പരിഷ്‌കരിക്കണമെന്ന ആവശ്യത്തിന് പിന്നില്‍. തമിഴ്‌നാട്ടിലെ ഏകദേശം 3.46 ലക്ഷം ഓട്ടോറിക്ഷകള്‍ക്കും പുതിയ നിരക്ക് ബാധകമാകും. മീറ്റര്‍ ഉപയോഗം കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നതും പ്രധാനമാവും


ദീപാവലിക്ക് മുമ്പ് ഓട്ടോ നിരക്ക് പരിഷ്‌കരിക്കുമെന്ന് ഗതാഗത മന്ത്രി എ വിജയ് തമിഴന്‍ പാര്‍ത്തിബന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സംഘടനകള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. 2013ല്‍ നിശ്ചയിച്ച മുന്‍ നിരക്ക് ആദ്യത്തെ 1.8 കിലോമീറ്ററിന് 25 രൂപയും തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമായിരുന്നു. 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ നിരക്ക് വര്‍ധന വന്നിരിക്കുന്നത്.

Advertisement

Related News