കൽപ്പറ്റ: സ്ത്രീകൾക്കെതിരായ ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങളെ അതിജീവിതർക്ക് വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെ ആവശ്യമായ സേവനങ്ങളും നിയമപരിരക്ഷയും ഉറപ്പാക്കുന്നതിനുമായി വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ സഹനം മതി ഇനി ശബ്ദമുയർത്താം – SPEAK UP’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവ മനോഹർ ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.
വയനാട് ജില്ലാ പോലീസ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ SPEAK UP നോഡൽ ഓഫീസറും നാർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് വിഭാഗം ഡിവൈ.എസ്.പി.യുമായ മനോഹരൻ. ടി അധ്യക്ഷത വഹിച്ചു.
ഗാർഹിക അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമവ്യവസ്ഥകൾ, അതിജീവിതർക്ക് ലഭ്യമായ നിയമപരിരക്ഷയും സഹായസേവനങ്ങളും, വിവിധ സർക്കാർ ഏജൻസികളുടെ ഏകോപനത്തിലൂടെ അതിജീവിതർക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് ജില്ലാ വനിതാ സംരക്ഷണ ഓഫീസർ ഗീത എൻ.പി. പരിശീലന ക്ലാസ് നയിച്ചു.
കേണിച്ചിറ പോലീസ് സ്റ്റേഷനിലെ എസ്.ഐ. സിൻഷ, എ.എസ്.ഐ.മാരായ ജാൻസി ജോസ്, ഷെറീന എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള വുമൺ സേഫ്റ്റി ഓഫീസർമാരും വുമൺ സേഫ്റ്റി എസ്.ഐ.മാരും പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ഗാർഹിക അതിക്രമങ്ങൾക്കെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുക, അതിക്രമങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സമയബന്ധിതമായ ഇടപെടലും ആവശ്യമായ സഹായവും ഉറപ്പാക്കുക, അതിജീവിതർക്ക് വിവിധ വകുപ്പുകളുടെ സേവനങ്ങൾ ഏകോപിതമായി ലഭ്യമാക്കുക, നിയമപരമായ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

